Sorry, you need to enable JavaScript to visit this website.

യെമനികള്‍ക്ക് നെറ്റ് കൊടുത്ത് കുടുങ്ങിയ മലയാളികള്‍ക്ക് മോചനം

ഇന്റർനെറ്റ് ഷെയർ ചെയ്ത കേസിൽ ജയിൽ മോചിതരായ ഫെബിൻ റാഷിദ്, ഫിറോസ്, മൊയ്തീൻ കുട്ടി എന്നിവർ ജയൻ കൊടുങ്ങല്ലൂർ, അയൂബ് കരൂപടന്ന എന്നിവർക്കൊപ്പം.

റിയാദ്- ഇന്റർനെറ്റ് കണക്ഷൻ തൊട്ടടുത്ത റൂമിലുള്ള രണ്ട് യെമനികൾക്ക് ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് ജയിലിലായ മൂന്ന് മലയാളികൾക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ മോചനം. മലപ്പുറം സ്വദേശികളായ ഫിറോസ്, മൊയ്തീൻ കുട്ടി, തിരുവനന്തപുരം സ്വദേശിയായ ഫെബിൻ റാഷിദ് എന്നിവർക്കാണ് ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് പ്രവർത്തകരായ അയ്യൂബ് കടുപടന്ന, ജയൻ കൊടുങ്ങല്ലൂർ എന്നിവരുടെ ഇടപെടലിൽ മോചനം ലഭിച്ചത്. 
ജിദ്ദ ഹംദാനിയയിൽ ചെമ്മീൻ സാന്റ്‌വിച്ച് കടയിൽ ജോലി ചെയ്യുന്ന മൂവരും കഴിഞ്ഞ സെപ്റ്റംബർ 25 നാണ് വൈഫൈ ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് സൗദി സുരക്ഷാ സേനയുടെ പിടിയിലാകുന്നത്. വർഷങ്ങളായി ഒരുമിച്ച് ജോലി ചെയ്യുന്ന ഇവർ റൂമിൽ ഫെബിൻ റാഷിദിന്റെ ഇഖാമയിലാണ് ഇന്റർനെറ്റ് കണക്ഷൻ എടുത്തിരുന്നത്. മാസവാടക ഷെയർ ചെയ്യുന്നതിനായി തൊട്ടടുത്ത റൂമിൽ താമസിക്കുന്ന യെമൻ പൗരന്മാർക്കും കണക്ഷൻ കൊടുത്തിരുന്നു. സെപ്റ്റംബർ 10 ന് മറ്റു രണ്ടു യെമനികൾ തൊട്ടടുത്ത റൂമിൽ താമസിക്കാനെത്തുകയും അവർ ആവശ്യപ്പെട്ടത് പ്രകാരം അവർക്കും നെറ്റ് കണക്ഷൻ നൽകുകയും ചെയ്തു. 
സെപ്റ്റംബർ 25 നു രാവിലെ 11 മണിക്ക് സായുധരായ 15 ൽപരം സുരക്ഷാസേനാംഗങ്ങൾ ഉറങ്ങിക്കിടന്നിരുന്ന ഫെബിൻ റാഷിദ്, മൊയ്തീൻ കുട്ടി, ഫിറോസ് എന്നിവരുടെ റൂമിലേക്ക് ഇരച്ചുകയറി അറസ്റ്റ് ചെയ്ത് കാലിലും കൈയിലും ചങ്ങല ഇടുകയും മുഖം മൂടി ധരിപ്പിക്കുകയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. നാല് ദിവസം കഴിഞ്ഞപ്പോഴാണ് സുരക്ഷാസേന ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് വിവരങ്ങൾ അറിയിക്കുന്നതും ചോദ്യം ചെയ്യാൻ തുടങ്ങുന്നതും. രണ്ട് ഫോട്ടോ കാണിച്ച് ഇവരെ അറിയുമോ എന്ന് ചോദിച്ചപ്പോൾ ഫോട്ടോയിൽ കാണുന്ന രണ്ടു പേരും തങ്ങൾ ഇന്റർനെറ്റ് കണക്ഷൻ നൽകിയ യെമനികൾ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. റിയാദിൽ സ്‌ഫോടനം നടത്താൻ വന്ന തീവ്രവാദികളുടെ കണ്ണികളാണ് ഇവരെന്നാണ് പോലീസ് പറഞ്ഞത്. 23 ദിവസം കഴിഞ്ഞപ്പോൾ മൂന്ന് പേരിൽ രണ്ടു പേരെ വിട്ടയച്ചു. ഫെബിൻ റാഷിദിന്റെ ഇഖാമയിലായിരുന്നു നെറ്റ് കണക്ഷൻ എടുത്തിരുന്നത് എന്നതിനാൽ അദ്ദേഹത്തെ വിട്ടയച്ചില്ല.
ഫെബിന്റെ അയൽവാസിയും തിരുവനന്തപുരത്തെ ഫ്രീലാൻസ് ഫോട്ടോഗ്രഫറും സോഷ്യൽ വർക്കറുമായ മിനി മോഹനെ ഫെബിന്റെ കുടുംബം ബന്ധപ്പെടുകയും വിഷയത്തിൽ ഇടപെട്ട് സഹായിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. മിനി മോഹൻ റിയാദിലുള്ള സുഹൃത്ത് നൗഷാദ് കോർമത്ത് മുഖേന ജയൻ കൊടുങ്ങല്ലുരും അയൂബ് കരൂപടന്നയുമായി ബന്ധപ്പെട്ട് വിഷയം എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ജയൻ കൊടുങ്ങല്ലുരും അയൂബ് കരൂപടന്നയും ഇന്ത്യൻ എംബസി അധികൃതരെ വിശദാംശങ്ങൾ ധരിപ്പിച്ചു. ഇക്കാര്യത്തിൽ മൂന്നു പേരും നിരപരാധികളാണെന്നും സ്‌പോൺസറുമായി കൂടിക്കാണാനും വീട്ടുകാരുമായി ബന്ധപ്പെടാനും അവസരം ഉണ്ടാക്കണമെന്നും തങ്ങൾ അറിയാതെ ചെയ്ത നെറ്റ് ഷെയറിംഗിൽ മാപ്പു തരണമെന്നും അപേക്ഷിച്ചുകൊണ്ട് ജിദ്ദ കോൺസുലേറ്റ് വഴി സൗദി വിദേശകാര്യ വകുപ്പിനെ ബന്ധപ്പെട്ടു. തുടർന്ന് സ്‌പോൺസർക്ക് ഇവരെ കാണാനും നാട്ടിൽ കുടുംബവുമായി ബന്ധപ്പെടാനും അവസരം നൽകി സുരക്ഷാ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്‌പോൺസർ  ചെന്ന് കാണുകയും ദിവസങ്ങൾക്ക് ശേഷം ഫെബിൻ റാഷിദിനെ സ്‌പോൺസറോടൊപ്പം വിട്ടയക്കുകയും ചെയ്തു. 
ഇവരുടെ ഫേസ്ബുക്ക്, വാട്‌സ്അപ്പ് എന്നിവ പരിശോധിച്ചപ്പോൾ നിയമ വിരുദ്ധമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഇവർക്കെതിരെ കേസ് ചാർജ് ചെയ്തിട്ടില്ലെന്നും ഇവർക്കായി പ്രവർത്തിച്ച ജയൻ കൊടുങ്ങല്ലൂരും അയൂബ് കരൂപടന്നയും പറഞ്ഞു.
 

Latest News