Sorry, you need to enable JavaScript to visit this website.

നിയമന വിവാദം; ഹൈക്കോടതി കാലിക്കറ്റ് സര്‍വകലാശാലയോട് വിശദീകരണം തേടി

കൊച്ചി- അസിസ്റ്റന്റ് പ്രൊഫസര്‍ നിയമത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയോട് വിശദീകരണം തേടി ഹൈക്കോടതി. അടുത്ത മാസം നാലിന് നിലപാട് അറിയിക്കണം. സിന്‍ഡിക്കേറ്റ് അംഗം ഹര്‍ജി ഡോ. റഷീദിന്റെ പരാതിയിലാണ് നിര്‍ദ്ദേശം. യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംവരണ ചട്ടങ്ങളും അട്ടിമറിച്ച് സര്‍വകലാശാലയില്‍ നിയമനങ്ങള്‍ നടത്തുന്നുവെന്നാണ് പരാതി. ഇക്കഴിഞ്ഞ ജനുവരി 30ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ 16 പഠന വകുപ്പുകളില്‍ 43 ഉദ്യോഗാര്‍തഥികളുടെ നിയമനം അംഗീകരിച്ചത്. എജ്യുക്കേഷന്‍, ഇക്കണോമിക്‌സ് അടക്കം വിവിധ വകുപ്പുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍, നിയമനത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് അംഗം ഗവര്‍ണറെ സമീപിച്ചത്. നിയമന വിജ്ഞാപനം ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഭിന്നശേഷി, ജാതി അടക്കമുള്ള സംവരണ സീറ്റുകള്‍ ഏതെന്ന് നിര്‍ണയിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നാണ് പ്രധാന ആരോപണം. നിയമനം നടന്നിട്ടു പോലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിലെ ദുരൂഹതയും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ വകുപ്പുകളിലെ ഒഴിവനുസരിച്ച് തയ്യാറാക്കിയ പട്ടിക ചട്ടമനുസരിച്ച് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നല്‍കാവുന്നതാണ്. എന്നാല്‍, ഇത് ആവശ്യപ്പെട്ടിട്ടും വൈസ് ചാന്‍സലര്‍ നല്‍കാന്‍ തയ്യാറാകാതിരുന്നത് മുന്‍ കൂട്ടി തീരുമാനിച്ച ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്.
സര്‍വ്വകലാശാലയില്‍ സംവരണ വിഭാഗത്തിനായി നീക്കി വച്ച 29 തസ്തികകള്‍ ഇനിയും നികത്താനുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടിക്കാഴ്ചയില്‍ പങ്കെടുത്തവരെ ഫലമറിയിച്ചില്ലെന്നും ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചില്ലെന്നുമുള്ള ആരോപണവുമായി ഉദ്യോഗാര്‍ത്ഥികളും രംഗത്തുണ്ട്.


 

Latest News