റിയാദ് - മൂന്നു മാസത്തിനിടെ സൗദിയിൽ ഒരു ലക്ഷത്തിലേറെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്ക്. ഈ വർഷം രണ്ടാം പാദത്തിൽ 1,10,504 വിദേശികൾക്കാണ് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടത്. ഇതിൽ 1,10,400 പേർ സ്വകാര്യ മേഖലാ ജീവനക്കാരും 104 പേർ പൊതുമേഖലാ ജീവനക്കാരുമായിരുന്നു. രണ്ടാം പാദത്തിൽ 11,856 സൗദികൾക്ക് സ്വകാര്യ മേഖലയിലും 1648 സൗദികൾക്ക് സർക്കാർ സർവീസിലും പുതുതായി തൊഴിൽ ലഭിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ടാം പാദത്തിൽ തൊഴിൽ നഷ്ടപ്പെട്ട വിദേശികളുടെ എണ്ണത്തിന്റെ പതിനൊന്നു ശതമാനത്തിന് തുല്യമായത്ര സൗദികൾക്കു മാത്രമാണ് ഈ കാലയളവിൽ സ്വകാര്യ മേഖലയിൽ പുതുതായി തൊഴിൽ ലഭിച്ചത്. രണ്ടാം പാദത്തിൽ ഗവൺമെന്റ് മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ട വിദേശികളുടെ എണ്ണത്തിന്റെ പതിനാറിരട്ടിക്ക് തുല്യമായാത്ര സൗദികൾക്ക് ഈ കാലയളവിൽ പൊതുമേഖലയിൽ പുതുതായി തൊഴിൽ ലഭിച്ചു.