അൽകോബാർ- കേന്ദ്ര സംസ്ഥാന സർക്കാർ വിമാനയാത്രയുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം മുതൽ നടപ്പാക്കിയ കോവിഡ് പ്രോട്ടോക്കോൾ നിബന്ധനക്കെതിരെ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
പുതിയ നിയമം ഗൾഫ് പ്രവാസികൾ അടക്കമുള്ളവരെ മാനസികമായും സാമ്പത്തികമായും തകർക്കുന്നതും രാജ്യത്തെ പൗരന്മാരായ പ്രവാസി സമൂഹത്തോടുള്ള കടുത്ത വിവേചനവുമാണ്. കോവിഡ് വ്യാപന നിരക്ക് നന്നേ കുറവായ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കമുള്ള സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വിദേശത്ത് 5000 ലേറെ രൂപ വരുന്ന പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കുകയും ജോലി പ്രതിസന്ധിയിൽ ബുദ്ധിമുട്ടി പണം മുടക്കി ചെയ്ത ടെസ്റ്റ് റിസൽട്ട് 72 മണിക്കൂർ കഴിയാതെ നാട്ടിലെത്തുമ്പോൾ വീണ്ടും 1800 രൂപ വരുന്ന മറ്റൊരു ടെസ്റ്റ് ചെയ്യാൻ നിർബന്ധിക്കുന്നത് അനീതിയാണ്. നാട്ടിലെ വിമാനത്താവളങ്ങൾ കറൻസി ഇല്ലാതെ വരുന്നവർക്ക് ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും സമയ നഷ്ടവും തികഞ്ഞ
മനുഷ്യാവകാശ ലംഘനമാണെന്നും സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവർ കുറ്റപ്പെടുത്തി.