ഇടുക്കി- പള്ളിവാസൽ പവർ ഹൗസിൽ പ്ലസ് ടു വിദ്യാർഥിനി രേഷ്മ(18) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു തൂങ്ങി മരിച്ച നിലയിൽ. അരുൺ എന്ന അനു(28)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിക്ക് കുത്തേറ്റ സ്ഥലത്തിന് 150 മീറ്റർ അകലെയാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടിത്തറയിൽ രാജേഷ്-ജെസി ദമ്പതികളുടെ മകളാണ് രേഷ്മ. മൂർച്ചയുള്ള ആയുധം കൊണ്ട് ഇടതുനെഞ്ചിലേറ്റ കുത്താണ് രേഷ്മയുടെ മരണകാരണം.രേഷ്മയെ കൊലപ്പെടുത്തും എന്നെഴുതിയ കത്ത് അരുണിന്റെ മുറിയിൽനിന്ന് കണ്ടെത്തിയിരുന്നു.
വെളളിയാഴ്ച വൈകിട്ട് മുതൽ രേഷ്മയെ കാണാതായിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ അർധ സഹോദരനാണ് അനു.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു ബൈസൺവാലി എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർഥിനിയായ രേഷ്മയെ പവർ ഹൗസിന് സമീപം റോഡരികിൽ നിന്നും അൽപ്പം മാറി കുത്തേറ്റ് അവശനിലയിൽ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേർന്ന് കുട്ടിയെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്‌കൂളിൽ നിന്നും മടങ്ങിയെത്താതിരുന്ന രേഷ്മയെ കാണാനില്ലെന്ന് കാണിച്ച പിതാവ് വെള്ളിയാഴ്ച വൈകിട്ട് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
വള്ളക്കടവ് വഴി കുട്ടി യുവാവുമൊത്ത് നടന്നു പോയത് കണ്ടതായി വിവരം ലഭിച്ചതോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയത്.കുട്ടിയുടെ സ്‌കൂൾ ബാഗും ഇവിടെ തന്നെ കിടന്നിരുന്നു. ഉളിപോലുളള ആയുധം ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിനും കൈക്കുമുൾപ്പെടെ കുത്തേറ്റിരുന്നതായി വെളളത്തൂവൽ പോലീസ് പറഞ്ഞു. അനുവിന്റെ ഫോൺ വൈകിട്ട് അഞ്ച് മണിക്ക് സ്വിച്ചോഫായ നിലയിലാണ്. സംഭവ സ്ഥലത്ത് നിന്ന് ഒരു ഫോൺ കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ ബന്ധത്തെച്ചൊല്ലി വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയുന്നു.
ഇരുവരും നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യം