തിരുവനന്തപുരം- പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാതിരിക്കാന്‍ ഡിവൈഎഫ്‌ഐയെ മുന്‍നിര്‍ത്തി രാഷ്ട്രീയ വിശദീകരണത്തിന് സിപിഎം. ഡിവൈഎഫ്‌ഐ ജില്ലാതലത്തില്‍ നടത്തുന്ന വിശദീകരണയോഗങ്ങളില്‍ മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത് വിവാദങ്ങളെ പ്രതിരോധിക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ജോലി ലഭിച്ചവര്‍ക്ക് സ്വീകരണം നല്‍കാനും തീരുമാനിച്ചു.
പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിനെതിരെ ജനവികാരമുണ്ടാക്കുമോയെന്ന ആശങ്ക സിപിഎമ്മിനുണ്ട്. യുവാക്കളെ തന്നെ അണിനിരത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണു തീരുമാനം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. നിയമനങ്ങളുടെ കണക്ക് നിരത്തി വിവാദങ്ങളെ സിപിഎം നേതാക്കള്‍ പ്രതിരോധിക്കും.
28ന് വൈകിട്ട് ശംഖുമുഖത്ത് നടത്തുന്ന ആദ്യ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ യോഗങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങള്‍ തോറും യുവജനസംഗമങ്ങളും നടത്തും. സമരത്തിന്റെ പേരില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ പ്രതിപക്ഷത്തിന് അവസരം കൊടുക്കരുത് എന്ന് നേരത്തേ സര്‍ക്കാരിനോട് സിപിഎം സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. സമരം ഒത്തുതീര്‍ന്നാലും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.