കൊല്ലം- ആർ.എസ്.പി ലെനിനിസ്റ്റിൽ പൊട്ടിത്തെറി. കോവൂർ കുഞ്ഞുമോൻ എം.എൽ.എയെ ക്ഷണിതാവ് സ്ഥാനത്ത് നിന്നും പുറത്താക്കിയതായി പാർട്ടി സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുഞ്ഞുമോൻ സ്വതന്ത്ര എം.എൽ.എയാണ്.
പാർട്ടിയിൽ മെംബർഷിപ്പ് പോലുമില്ല. പാർട്ടി രജിസ്‌ട്രേഷൻ പോലും തന്റെ പേരിലാണെന്നും ബലദേവ് പറഞ്ഞു. ആർ.എസ്.പി ലെനിനിസ്റ്റിന് കുന്നത്തൂർ സീറ്റിന് പകരം മറ്റേതെങ്കിലും ജനറൽ സീറ്റ് വേണമെന്ന് എൽ.ഡി.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ അഭ്യർഥനയ്ക്ക് വിരുദ്ധമായി കുഞ്ഞുമോനെ കുന്നത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയാൽ, അദ്ദേഹത്തിനെതിരേ സ്ഥാനാർഥിയെ നിർത്തും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായിട്ടാണ് കുഞ്ഞുമോൻ മത്സരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷമാണ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്. പാർട്ടിക്ക് ലഭിക്കേണ്ടിയിരുന്ന ചെയർമാൻ, ബോർഡ് മെമ്പർ സ്ഥാനങ്ങൾ കുഞ്ഞുമോന്റെ കഴിവുകേടിനെ തുടർന്ന് നഷ്ടമായി. പാർട്ടിയ്ക്ക് അനുവദിച്ച പി.എസ്.സി മെംബർ സ്ഥാനം കുഞ്ഞുമോൻ 30 ലക്ഷം രൂപയ്ക്ക് വിൽക്കാനും ശ്രമിച്ചു.
ഇതോടെ പി.എസ്.സി മെംബർ സ്ഥാനം നൽകേണ്ടെന്ന് എൽ.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. കശുവണ്ടി വികസന കോർപറേഷനിലും കാപ്പെക്‌സിലും ഡയറക്ടർ ബോർഡ് അംഗത്വം എൽ.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതും ലഭിച്ചില്ലെന്ന് ബലദേവ് പറഞ്ഞു.