മസ്‌കത്ത്- കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി 10 രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് ഒമാനില്‍ പ്രവേശനം വിലക്കി.
ലെബനൻ, സുഡാൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസാനിയ, ഗ്വിനിയ, ഘാന, സിയറ ലിയോൺ, എത്യോപ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഒമാന്‍ സുപ്രീം കമ്മിറ്റി പാസാക്കിയ ഏറ്റവും പുതിയ തീരുമാനപ്രകാരമാണിത്.
ഒമാനിലേക്ക് പുറപ്പെടുന്നതിനു മുമ്പ് 14 ദിവസത്തിനിടെ ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കും വിലക്ക് ബാധകമാണ്.
ആഭ്യന്തരമന്ത്രി ഹമ്മൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗം കോവിഡ് മഹാമാരിയുടെ സ്ഥിതിഗതികളും വ്യാപനം തയുന്നതിന് സ്വീകരിക്കേണ്ട തുടർനടപടികളെ കുറിച്ചും ചർച്ച ചെയ്തു.
ഈ 10 രാജ്യങ്ങളിൽ നിന്നുള്ള വരവ് നിരോധിക്കാനുള്ള തീരുമാനം വ്യാഴാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. പ്രവേശന വിലക്ക് 15 ദിവസത്തേക്ക് നീണ്ടുനിൽക്കും. ഒമാനി പൗരന്മാർ, സുൽത്താനേറ്റിലെ വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ, രാജ്യത്ത് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് വിലക്ക് ബാധകമല്ല.
നേരത്തെ നിർദേശിച്ചതുപോലെ, അത്യാവശ്യമില്ലാതെ വിദേശയാത്ര നടത്തരുതെന്നും ഇക്കാര്യം ശ്രദ്ധിച്ചാല്‍ വൈറസ് പടരുന്നത് ഒഴിവാക്കാമെന്നും സുപ്രീം കമ്മിറ്റി രാജ്യത്തെ ജനങ്ങളെ ഉണർത്തി.