മക്ക-- മസ്ജിദുല്‍ ഹറാമിലും മദീന മസ്ജിദുന്നബവിയിലും പരിസരങ്ങളിലും ഫോട്ടോയെടുക്കുന്നതിനുള്ള വിലക്ക് കര്‍ശനമാക്കി. വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍, ഹജ് ഔഖാഫ് അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് വിഭാഗം സൗദിയിലെ എല്ലാ വിദേശ രാജ്യങ്ങsളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരു ഹറമുകളിലും ഫോട്ടോ എടുക്കുന്നതിന് വിലക്കുണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയം എല്ലാ വിദേശ ഹജ് ഉംറ സര്‍വീസ് കമ്പനികള്‍ക്കും ടൂറിസ്റ്റ് ഏജന്‍സികള്‍ക്കും നേരത്തെ സര്‍ക്കുലര്‍ അയച്ചിരുന്നു. ഹറമിനകത്ത് ഏത് വിധത്തിലുള്ള ഫോട്ടോയും എടുക്കുന്നത് നിരുത്സാഹപ്പെടുത്തി, ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് ഹജ് മന്ത്രാലയം നിരന്തരം ബോധവല്‍ക്കരണവും നല്‍കിയിരുന്നു.
ചില രാജ്യങ്ങളില്‍നിന്ന് എത്തുന്ന തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറമിനകത്ത് വെച്ചു പോലും തങ്ങളുടെ രാജ്യത്തിന്റെ പതാകയും ഉയര്‍ത്തിപ്പിടിച്ച് ഫോട്ടോയെടുക്കുന്നത് ഔദ്യോഗിക കേന്ദ്രങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഹറമിന്റെ സുരക്ഷക്ക് പോലും ഭീഷണിയാണ് ഇതെന്ന് ബന്ധപ്പെട്ടവര്‍ നല്‍കുന്ന ഉപദേശം പോലും ഇവര്‍ മനഃപൂര്‍വം അവഗണിക്കുകയാണ് പതിവ്.
ഹറം സന്ദര്‍ശനത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ഫോട്ടോയെടുക്കുന്ന പലര്‍ക്കും ഇതിന് വിലക്കുണ്ടെന്ന കാര്യം അറിയില്ല. ഹറമുകളുടെ പവിത്രതക്ക് കോട്ടം തട്ടുന്നതും ആരാധന നിര്‍വഹിക്കാന്‍ എത്തുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതുമായ ഈ പ്രവണതയില്‍നിന്ന് വിശ്വാസികള്‍ ഒഴിഞ്ഞു നില്‍ക്കണം. അതിനാല്‍ ഹറമുകള്‍ക്ക് അകത്തും പുറത്തും സാധാരണ ക്യാമറകള്‍, ടി.വി, വീഡിയോ ക്യാമറകള്‍ കൊണ്ടോ മറ്റോ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നതില്‍നിന്ന് ഒഴിവാകണമെന്നും വിദേശകാര്യ മന്ത്രാലയ സര്‍ക്കുലറില്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന പക്ഷം ചിത്രീകരിച്ച ഫിലിമും ഉപകരണവും സുരക്ഷാ വിഭാഗം പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.