Sorry, you need to enable JavaScript to visit this website.

സലഫികൾ സുരക്ഷാ  ഭീഷണിയെന്ന് കാന്തപുരം

കൊച്ചി- ഇസ്‌ലാമിലെ ഒരു അവാന്തര വിശ്വാസി സമൂഹം എന്നതിൽ നിന്നും സലഫികൾ ഒരു സുരക്ഷാ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ പറഞ്ഞു. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ഹുബ്ബു റസൂൽ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‌ലിം രാജ്യങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് പ്രവാചകൻ മുഹമ്മദ് നബിയുടെ ആശയങ്ങളെ നിരാകരിക്കുന്നവരും, മതത്തിന് സ്വതന്ത്ര വ്യാഖ്യാനങ്ങൾ നൽകുന്നവരുമാണ്. 

ഈജിപ്തിലെ സിനായിൽ സുന്നി പള്ളിയിൽ നടന്ന ആക്രമണം, ലോകത്തിന്റെ പല ഭാഗങ്ങളിലും യഥാർഥ വിശ്വാസികൾക്കും, പള്ളികളും മഖ്ബറകളും ഉൾപ്പെടെയുള്ള സാംസ്‌കാരിക നിർമിതികൾക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ്. ഇസ്‌ലാമിന്റെ സഹിഷ്ണുതാപരമായ ചരിത്രത്തെ ഇല്ലാതാക്കുക എന്നതാണ് ഇക്കൂട്ടരുടെ പ്രധാന അജണ്ട. മുസ്‌ലിംകൾക്കും മറ്റു മതസ്ഥർക്കുമിടയിൽ സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് സലഫികൾ. കോപ്റ്റിക് ചർച്ചിന് നേരെയും ഇവിടെ അക്രമമുണ്ടായി. ഈജിപ്തിലെ പുരാതന കോപ്റ്റിക് ക്രിസ്തുമത വിശ്വാസികൾക്ക് നേരെയും സുന്നികൾക്ക് നേരെയും അക്രമം നടത്തുന്നത് ഒരേ ശക്തികളാണ്. തങ്ങളുടെ പരുക്കൻ ആശയങ്ങൾ അക്രമം വഴി അടിച്ചേൽപ്പിക്കാനാണ് സലഫികൾ ശ്രമിക്കുന്നത്.

സലഫി ഭീകരതയിൽ നിന്നുള്ള സംരക്ഷണം ഉറപ്പുവരുത്താൻ വൻ തുകയാണ് വിവിധ സർക്കാരുകൾ നീക്കിവെക്കുന്നത്. വികസന പ്രവർത്തനങ്ങൾക്കു വേണ്ടി ചെലവഴിക്കേണ്ട തുകയാണ് ഇവ്വിധം നീക്കിവെക്കേണ്ടി വരുന്നതെന്നത് ഖേദകരമാണ്. സലഫികളുടെ സ്വാധീനം ഇല്ലാത്ത പ്രദേശങ്ങളിൽ മുസ്‌ലിംകളുടെയും മറ്റു മത വിഭാഗങ്ങളുടെയും ജീവിതം സ്വസ്ഥമാണ്. കേരളത്തിൽ നാടുകാണിയിൽ മഖ്ബറക്ക് നേരെ നടന്ന അക്രമത്തിൽ പിടികൂടിയത് സലഫി ആശയം പ്രതിനിധാനം ചെയ്യുന്നവരാണ് എന്നാണ് പോലീസ് കെണ്ടത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഏറെ മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം നിലനിൽക്കുന്ന കേരളത്തിൽ സാമൂഹിക ധ്രുവീകരണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നതിൽ വർഗീയ വാദികളും തീവ്രവാദികളും മത്സരിക്കുകയാണ്. ഇതിനെതിരെ സർക്കാർ ജാഗ്രത പാലിക്കണം. ലോകത്തെ ഏറ്റവും സമാധാനപരവും സഹിഷ്ണുതാപരവുമായ മാതൃകാ ജീവിതമാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചതെന്നും നബിയുടെ മാർഗം സൂക്ഷ്മതയോടെ പിന്തുടരുന്നവരുമാണ് സുന്നികൾ--കാന്തപുരം അഭിപ്രായപ്പെട്ടു. 

Latest News