ബാഴ്‌സലോണ- അഭ്യൂഹങ്ങൾക്ക് വിട. മെസി ബാഴ്‌സലോണയിൽ തന്നെ തുടരും. 2021 വരെ ബാഴ്‌സലോണ എഫ്.സിയിൽ തുടരുന്നത് സംബന്ധിച്ച് ടീം മാനേജ്‌മെന്റുമായി സൂപ്പർ താരം കരാർ ഒപ്പിട്ടു. മെസി ക്ലബ്ബ് വിട്ടേക്കുമെന്ന് നേരത്തെ വിവിധ കോണുകളിൽനിന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് കൂടിയാണ് വിരാമമായത്. നേരത്തെ ഒപ്പുവെച്ച കരാർ പ്രകാരം അടുത്ത വർഷം ജൂലൈ വരെയാണ് മെസിക്ക് ബാഴ്‌സയുമായി കരാറുള്ളത്. ഇതാണ് നീട്ടിയത്.
ചിലപ്പോൾ നാം ചില കരാറുകളിൽ ഒപ്പുവെക്കേണ്ടി വരും. അതാണിപ്പോൾ ചെയ്തത്. ക്ലബ്ബുമായുള്ള ബന്ധം തുടരുന്നതിൽ സന്തോഷമുണ്ടെന്നും മെസി പറഞ്ഞു. ബാഴ്‌സലോണയിൽ തന്നെ കളി ജീവിതം അവസാനിപ്പിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇക്കാര്യം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ശരിയായ ട്രാക്കിലാണ് ഞങ്ങൾ. കരാർ ഒപ്പിട്ട ശേഷം മെസി പറഞ്ഞു.
മെസിയുമായുള്ള കരാർ മാറ്റി എഴുതേണ്ടതുണ്ടെന്ന് ബാഴ്‌സ പ്രസിഡന്റ് ജോസപ് മരിയ ബാർട്ട്മ്യൂ പറഞ്ഞു.
മെസിയുടെ പുതിയ കരാറിന് 700 മില്യൺ ബൈ ഔട്ട് ക്ലോസാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ബൈ ഔട്ട് ക്ലോസാണിത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നെയ്മാർ ബാഴ്‌സയിൽനിന്ന് പാരീസ് സെന്റ് ജർമെയ്‌നിലേക്ക് പോയത് 222 മില്യൺ യൂറോയുടെ ബൈഔട്ട് ക്ലോസിനായിരുന്നു. നെയ്മാറിന്റെ അഭാവത്തിലും ക്ലബ്ബിന് വിജയം സമ്മാനിക്കുന്നതിൽ മെസി നിർണായക ശക്തിയാണെന്ന് ജോസപ് മരിയ പറഞ്ഞു. 19 കളികളിൽനിന്ന് പതിനാറു ഗോളുകളാണ് ഈ സീസണിൽ മെസി നേടിയത്.