ജിദ്ദ- സൗദി അറേബ്യയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല സ്വദേശിവല്‍കരിക്കുന്നതിലൂടെ 87,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് കണക്കാക്കുന്നു. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ 30 ശതമാനം വിദേശികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.
മൊത്തം 2,72,000 ജീവനക്കാരില്‍ 87,000 പേരാണ് വിദേശികള്‍. രാജ്യത്ത് 38,000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 62 ലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. സ്വകാര്യമേഖലയില്‍ 6144 വിദ്യാലയങ്ങളാണുള്ളത്.
സ്വകാര്യ മേഖലയില്‍ 1800 കോടി റിയാലാണ് കുടുംബങ്ങള്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത്.
സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ്, സൂപ്പര്‍വൈസര്‍, അധ്യാപക ജോലികള്‍ സ്വദേശികള്‍ക്ക് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഈയിടെയാണ് നിര്‍ദേശം നല്‍കിയത്.
സ്വകാര്യ മേഖലയില്‍ മിനിമം വേതനം നടപ്പാക്കുന്നതോടെ ബിരുദധാരികളായ സ്വദേശികളെ ധാരാളമായി ആകര്‍ഷിക്കുമെന്നാണ് കരതുന്നത്. നിലവില്‍ നിരവധി സൗദി സ്‌കൂളുകള്‍ കുറഞ്ഞ വേതനമാണ് നല്‍കുന്നത്.