Sorry, you need to enable JavaScript to visit this website.

ജ്വല്ലറി സൗദിവല്‍ക്കരണം ഡിസംബര്‍ മൂന്നു മുതല്‍

റിയാദ് - ജ്വല്ലറികളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം ഡിസംബര്‍ മൂന്നിന് പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

വിദേശികള്‍ ജോലി ചെയ്യുന്ന ജ്വല്ലറികള്‍ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ഡിസംബര്‍ മൂന്നു മുതല്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങള്‍  പരിശോധനകള്‍ ആരംഭിക്കുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.

ജ്വല്ലറികളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും ഇത് പ്രായോഗിക തലത്തില്‍ നടപ്പാക്കിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട് ജ്വല്ലറികളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് കഴിഞ്ഞ മാസാദ്യം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം രണ്ടു മാസത്തെ സാവകാശം അനുവദിച്ചു. ഇത് ഡിംബര്‍ രണ്ടിന് അവസാനിക്കും. ഡിസംബര്‍ മൂന്നു മുതല്‍ ജ്വല്ലറികളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം  നിര്‍ബന്ധമാണ്.

സൗദികള്‍ക്ക് അനുയോജ്യമായ കൂടുതല്‍ മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നത്. സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ബിനാമി ബിസിനസ് അടക്കമുള്ള നിഷേധാത്മക പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനും സൗദിവല്‍ക്കരണത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നു. സൗദിവല്‍ക്കരണം നടപ്പാക്കുന്നതിന് കിഴക്കന്‍ പ്രവിശ്യയിലെ ജ്വല്ലറികള്‍ ഒരുക്കമാണെന്ന് അശ്ശര്‍ഖിയ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ജ്വല്ലറി കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ഗനി അല്‍മുഹന്ന പറഞ്ഞു. പൊതുവെ ആകര്‍ഷകമായ വേതനമാണ് ജ്വല്ലറി മേഖലയില്‍ നിലവിലുള്ളതെന്ന് ഇരുപതു വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്‍ അബ്ദുല്ലത്തീഫ് അല്‍മുഹന്ന പറഞ്ഞു. നാലായിരം റിയാല്‍ മുതല്‍ ആറായിരം റിയാല്‍ വരെ ജ്വല്ലറി ജീവനക്കാര്‍ക്ക് അടിസ്ഥാന വേതനം ലഭിക്കുന്നുണ്ട്. ഇതിനു പുറമെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് അബ്ദുല്ലത്തീഫ് അല്‍മുഹന്ന പറഞ്ഞു.

മൊബൈല്‍ ഫോണ്‍ കടകളില്‍ വിജയകരമായി സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിയതിനു പിന്നാലെയാണ് ജ്വല്ലറികളിലും സമാന പദ്ധതി നടപ്പാക്കുന്നത്. ഷോപ്പിംഗ് മാള്‍ സൗദിവല്‍ക്കരണ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യമായി അല്‍ഖസീം പ്രവിശ്യയിലെ മാളുകളിലാണ് സമ്പൂര്‍ണ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയത്. സെപ്റ്റംബര്‍ 21 മുതലാണ് അല്‍ഖസീം പ്രവിശ്യയില്‍ മാളുകളില്‍ സൗദിവല്‍ക്കരണം ബാധകമാക്കിയത്. ഉദ്യോഗാര്‍ഥികളുടെ ലഭ്യതയും തൊഴില്‍ വിപണിയിലെ സ്ഥിതിഗതികളും പഠിച്ച് മറ്റു പ്രവിശ്യകളിലെ മാളുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള തീയതികള്‍ പിന്നീട് നിര്‍ണയിക്കും. ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങള്‍ കൈയൊഴിയുന്നതിന് സൗദിവല്‍ക്കരണ പദ്ധതി വിദേശികളെ നിര്‍ബന്ധിതരാക്കും.
റെന്റ് എ കാര്‍ മേഖലയില്‍ വൈകാതെ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബഖാലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് മന്ത്രാലയം ആലോചിക്കുന്നുമുണ്ട്. മൂന്നാം ഘട്ട വനിതാവല്‍ക്കരണം ഒക്‌ടോബര്‍ 21 മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. ആയിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിന് മൂന്നാം ഘട്ട വനിതാവല്‍ക്കരണം ഇടയാക്കി. മൂന്നാം ഘട്ട വനിതാവല്‍ക്കരണത്തിന്റെ പരിധിയില്‍വന്ന സ്ഥാപനങ്ങളില്‍ വിദേശികള്‍ക്കു പകരം സൗദി വനിതകളെ ജോലിക്കു വെക്കല്‍ നിര്‍ബന്ധമാണ്.

 

 

Latest News