കോഴിക്കോട്-ജില്ലയിലെ രണ്ടു എം.എൽ.എമാർ യു.ഡി.എഫിലേക്ക് തിരികെ എത്തുമെന്ന് അഭ്യൂഹം. ഇടതു സ്വതന്ത്ര എം.എൽ.എമാരായ കാരാട്ട് റസാഖ്(കൊടുവള്ളി), പി.ടി.എ റഹീം(കുന്ദമംഗലം)എന്നിവർ യു.ഡി.എഫിന്റെ ഭാഗമായേക്കുമെന്നാണ് അഭ്യൂഹം. ഇരുവരും യു.ഡി.എഫ് നേതൃത്വവുമായി ചർച്ച നടത്തി. കൊടുവള്ളിയിലെ പ്രാദേശിക ലീഗ് നേതൃത്വത്തിന് കാരാട്ട് റസാഖ് മടങ്ങി വരുന്നതിൽ ശക്തമായ എതിർപ്പുണ്ട്. യു.ഡി.എഫ് നേതൃത്വവുമായി ചർച്ച നടത്തിയ കാര്യം കാരാട്ട് റസാഖ് തന്നെ വെളിപ്പെടുത്തി. പി.ടി.എ റഹീമുമായി ലീഗ് നേതൃത്വം ബന്ധപ്പെടുന്നുണ്ടെന്നും റസാഖ് പറഞ്ഞു.
ലീഗിൽ ചേരാനാണ് തന്നോട് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടതെന്ന് റസാഖ് ആവർത്തിച്ചു. എന്നാൽ പ്രാദേശിക നേതൃത്വം ഇക്കാര്യം അംഗീകരിക്കാനിടയില്ല. സംസ്ഥാന നേതാക്കളെ വെല്ലുവിളിച്ചാണ് കൊടുവള്ളിയിലെ ലീഗ് നേതൃത്വത്തിന്റെ പ്രവർത്തനമെന്ന് കാരാട്ട് റസാഖ് വിമർശിച്ചു. ലീഗ് സംസ്ഥാന നേതൃത്വവുമായി തനിക്ക് നല്ല ബന്ധമാണ്. പി.ടി.എ റഹീമിനെ തിരികെ എത്തിക്കാനും ലീഗ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് നേതൃത്വവുമായി ചർച്ച നടത്തിയ കാര്യം എൽ.ഡി.എഫ് നേതാക്കളെ അറിയിച്ചുവെന്നും റസാഖ് പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ കൊടുവള്ളി മേഖലയിൽ യു.ഡി.എഫ് വൻ മുന്നേറ്റം കാഴ്ചവെച്ചതിന്റെ അസ്വസ്ഥതയാണ് കാരാട്ട് റസാഖിന് എന്നാണ് ലീഗ് പ്രാദേശിക നേതൃത്വത്തിലെ ഒരു വിഭാഗം പറയുന്നത്. ലീഗിലേക്ക് മടങ്ങിയെത്തി എം.എൽ.എ സ്ഥാനം നിലനിർത്താനാണ് ശ്രമിക്കുന്നതും ഇവർ പറയുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിലാണ് ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് പാർട്ട നേതൃത്വവുമായി ഉടക്കി ഇടതുസ്വതന്ത്രനായി മത്സരിച്ചു വിജയിച്ചത്.