ദമാം - അല്‍ഹസയില്‍ വാനിനു പിന്നില്‍ കയറില്‍ കെട്ടി രണ്ടു പൂച്ചകളെ അമിതവേഗത്തില്‍ എക്‌സ്പ്രസ്‌വേയിലൂടെ കെട്ടിവലിച്ച വാന്‍ ഉടമയെ തിരിച്ചറിഞ്ഞതായി അല്‍ഹസ കൃഷി വകുപ്പ് അറിയിച്ചു. സുരക്ഷാ വകുപ്പുകളുമായി സഹകരിച്ചാണ് വാന്‍ ഉടമയെ കൃഷി വകുപ്പ് തിരിച്ചറിഞ്ഞത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ഇയാള്‍ക്കെതിരായ കേസ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിന് കൈമാറും.
വാനിനു പിന്നില്‍ പൂച്ചകളെ കെട്ടിവലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഡ്രൈവറുടെ നടപടി മൃഗസംരക്ഷണ നിയമത്തിനും ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കും വിരുദ്ധമാണെന്ന് അല്‍ഹസ കൃഷി വകുപ്പ് മേധാവി എന്‍ജിനീയര്‍ ഖാലിദ് അല്‍ഹുസൈനി പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തി ഡ്രൈവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് വന്യജീവി സംരക്ഷണ വകുപ്പ് വക്താവ് അഹ്മദ് അല്‍ബൂഖ് ആവശ്യപ്പെട്ടു. വളര്‍ത്തു മൃഗങ്ങളോടും വന്യജീവികളോടും ദയാരഹിതമായി പെരുമാറുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് മൃഗസംരക്ഷണ നിയമം അനുശാസിക്കുന്നുണ്ട്. വാന്‍ ഡ്രൈവര്‍ പൂച്ചകളെ റോഡിലൂടെ കെട്ടിവലിച്ചതായി തെളിഞ്ഞാല്‍ അര ലക്ഷം റിയാല്‍ മുതല്‍ നാലു ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കുമെന്നും അഹ്മദ് അല്‍ബൂഖ് പറഞ്ഞു.