കോട്ടയം- കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽ സീറ്റ് ചർച്ച സജീവമായി. എ.ഐ.സി.സി സെക്രട്ടറി കോട്ടയത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പുമായുളള ചർച്ചകൾ തുടരുന്നതിനിടെ വിലയിരുത്തലിനായാണ് എ.ഐ.സി.സി സെക്രട്ടറി വീണ്ടും കോട്ടയത്ത് എത്തിയത്.
അതേസമയം, സീറ്റ് ചർച്ചകൾക്കായി ജോസ് കെ.മാണി തിരുവനന്തപുരത്തെത്തി. ഇടതു മുന്നണിയിലെ പ്രാഥമിക ചർച്ചകൾക്കായാണ് ജോസ് കെ.മാണി തലസ്ഥാനത്തേക്ക് പോയത്. ഇതേ തുടർന്ന് പാലാ മണ്ഡലത്തിൽ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ തീരുമാനിച്ചിരുന്ന പദയാത്ര മാറ്റിവെക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പ്, സ്ഥാനാർഥി നിർണയം എന്നിവ സംബന്ധിച്ച് അന്തിമ ചർച്ചകൾക്കാണ് എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ കോട്ടയം ഡി.സി.സിയിലെത്തിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും ഐവാൻ ഡിസൂസയും മുൻപ് ജില്ലാതല നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച ചർച്ചയാണു നടന്നത്. ഐശ്വര്യ കേരള യാത്രയ്ക്കു ശേഷം കോൺഗ്രസ് സീറ്റു വിഭജന ചർച്ചകളിലേക്ക് കടക്കുന്നതിനു മുന്നോടിയായാണ് ഒരു വട്ടം കൂടി എ.ഐ.സി.സി പ്രതിനിധി കോട്ടയത്ത് എത്തിയത്. ജോസ് കെ.മാണി വിഭാഗം വിട്ടുപോകുകയും ജോസഫ് തുടരുകയും ചെയ്ത സാഹചര്യത്തിൽ കോട്ടയത്ത് യു.ഡി.എഫിന്റെ മേൽക്കോയ്മ നിലനിർത്തുന്നതിനുളള നീക്കങ്ങളുടെ ഭാഗമായാണ് ഡിസൂസ എത്തിയത്. ഡി.സി.സി നേതൃത്വവുമായും നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലയിൽ കടുത്തുരുത്തിക്കു പുറമെ ഏറ്റുമാനൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകൾ കൂടി ആവശ്യപ്പെട്ടിരിക്കുകയണ്. ഇക്കാര്യത്തിൽ ഡി.സി.സി നേതൃത്വത്തിന്റെ അഭിപ്രായം ഐവാൻ ഡിസൂസ ആരാഞ്ഞു. പാലാ സീറ്റ് മാണി സി.കാപ്പന് നൽകുന്നതോടെ കോട്ടയം ജില്ലയിൽ ഇനിയുളള സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊതുനിലപാട്.
പി.സി ജോർജിനെ യു.ഡി.എഫിൽ എടുക്കണമെന്നുള്ള ചർച്ച ഇപ്പോഴും തുടരുകയാണ്. പ്രാദേശിക നേതൃത്വം കടുത്ത എതിർപ്പ് പറയുന്നുണ്ടെങ്കിലും സംസ്ഥാന കോൺഗ്രസ് നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക. കോട്ടയത്ത് യു.ഡി.എഫ് മേധാവിത്തം നിലനിർത്താൻ പരമാവധി സീറ്റുകൾ നേടുക എന്നതു മാത്രമായിരിക്കണം ലക്ഷ്യമെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ജോർജിനെ എടുത്താൽ പൂഞ്ഞാർ സീറ്റ് ജോസഫ് വിഭാഗത്തിനു നൽകാൻ സാധിക്കില്ല. ചങ്ങനാശേരി സീറ്റിനായി കെ.സി.ജോസഫ് ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്. സി.എഫ് തോമസിന്റെ സീറ്റ് വിട്ടുനൽകാൻ ജോസഫ് വിഭാഗം തയാറല്ല. ഏറ്റുമാനൂരിലും കോൺഗ്രസ് കണ്ണു വെച്ചിട്ടുണ്ട്. ഫിലിപ്പ് ജോസഫും ലതികാ സുഭാഷുമാണ് ഇവിടെ സീറ്റിനായി നോട്ടമിട്ടിരിക്കുന്നത്.
ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലേയും വിജയസാധ്യത, പരിമിതികൾ, അനുയോജ്യരായ സ്ഥാനാർഥികൾ എന്നിവരെ സംബന്ധിച്ച വിലയിരുത്തലുണ്ടാകും. ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗത്തിലും ഡിസൂസ പങ്കെടുത്തു. സംസ്ഥാന തലത്തിൽ നടക്കുന്ന ചർച്ചകൾക്ക് എ.ഐ.സി.സിയുടെ കോട്ടയത്തെ റിപ്പോർട്ട് ആധാരമാകും. പരമാവധി സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുക എന്ന നിലപാടിലാണ് എ.ഐ.സി.സി.