കൊച്ചി- എനിക്ക് നീതി കിട്ടണം, ഷെഫിൻ ജഹാൻ എന്റെ ഭർത്താവാണ്. എന്നെ ആരും നിർബന്ധിച്ച് മതം മാറ്റിയതല്ല, ഞാൻ എന്റെ ഇഷ്ടപ്രകാരം മതം മാറിയതാണ്. ഹാദിയ വിളിച്ചു പറഞ്ഞു. കൊച്ചി വിമാനതാവളത്തിൽനിന്നാണ് ഹാദിയ ഇങ്ങിനെ പറഞ്ഞത്. ആറുമാസത്തോളം വീട്ടുതടങ്കലിൽ കഴിഞ്ഞ ഹാദിയ തിങ്കളാഴ്ച്ച സുപ്രീം കോടതിയിൽ ഹാജരാകാനായി പോകുന്നതിനിടെയാണ് ഇങ്ങിനെ വിളിച്ചുപറഞ്ഞത്. എനിക്ക് എന്റെ ഭർത്താവിനൊപ്പമാണ് പോകേണ്ടതെന്നും എന്നെ ആരും നിർബന്ധിച്ച് മതംമാറ്റിയതല്ലെന്നും ഹാദിയ പറഞ്ഞു. ഇന്ന് ഉച്ചയോടെ വൈക്കത്തെ ടി.വി പുരത്ത്‌നിന്നുള്ള വീട്ടിൽനിന്നാണ് ഹാദിയ നെടുമ്പാശേരി വിമാനതാവളം വഴി ദൽഹിയിലേക്ക് തിരിച്ചത്. വൈകിട്ട് അഞ്ചരക്കുള്ള വിസ്താര വിമാനത്തിലാണ് ഹാദിയ ദൽഹിക്ക് പോകുന്നത്. അച്ഛൻ അശോകൻ, അമ്മ പൊന്നമ്മ എന്നിവർക്കൊപ്പമാണ് ഹാദിയ ദൽഹിക്ക് തിരിച്ചത്. അഞ്ചു പോലീസുകാരും കൂടെയുണ്ട്. ദൽഹിയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.