ആലപ്പുഴ-സംസ്ഥാനത്ത് തുടര്‍ഭരണത്തിനുള്ള സാഹചര്യമില്ലെന്ന് പറയാനാവില്ലെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. തവിടുപൊടിയാകുമെന്നാണ് താനടക്കമുള്ളവര്‍ കരുതിയത്. പക്ഷേ, അവര്‍ വന്‍ വിജയം നേടി. സര്‍ക്കാരിനെതിരെ എന്തൊക്കെ അഴിമതിയാരോപണമുയര്‍ന്നാലും തങ്ങള്‍ക്ക് എന്ത് കിട്ടിയെന്നതിനെ ആശ്രയിച്ചായിരിക്കും ജനങ്ങള്‍ വോട്ടുചെയ്യുക.യെന്ന് വെള്ളാപ്പള്ളി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്ഷേമപെന്‍ഷനും സൗജന്യ ഭക്ഷ്യധാന്യവിതരണവുമൊക്കെ ഇടതുസര്‍ക്കാരിന് നേട്ടമാകും. തങ്ങള്‍ക്ക് ഭരണം കിട്ടുമെന്ന് തോന്നുന്നില്ലെന്നാണ് കോണ്‍ഗ്രസുകാരില്‍ ചിലര്‍ പോലും തന്നോട് പറഞ്ഞിട്ടുള്ളത്. വിശ്വാസം മാറ്റി നിര്‍ത്തി ഒരു കമ്മ്യൂണിസവും വളരാന്‍ പോകുന്നില്ല. അക്കാര്യത്തില്‍ താന്‍ ഗോവിന്ദന്‍ മാഷ് പറഞ്ഞതിനോട് യോജിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മൂന്നുതവണ എം.എല്‍.എയായവരെ മാറ്റിനിര്‍ത്താനുള്ള സി.പി.ഐ.യുടെ തീരുമാനം ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. ചേര്‍ത്തലയില്‍ പി. തിലോത്തമനെ ഒഴിവാക്കി ജൂനിയറായവരെയോ പുറത്തുനിന്നുള്ളവരെയോ കൊണ്ടുവന്നാല്‍ ജനം ഉള്‍ക്കൊള്ളാനിടയില്ല. അത്ര ജനകീയനും മിടുക്കനുമാണ് തിലോത്തമന്‍. പാര്‍ട്ടിക്ക് ഇഷ്ടമുള്ളവരെ ഇറക്കിയാല്‍ ജനത്തിന് ഇഷ്ടമാകണമെന്നില്ല.
ജയസാധ്യതയുള്ളവരെ നിലനിര്‍ത്തുമെന്ന സി.പി.എം തീരുമാനം സി.പി.ഐ. മാതൃകയാക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി. യോഗം ഇതുവരെ നിലപാടെടുത്തിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിനുശേഷം എതൊക്കെ പാര്‍ട്ടികള്‍ സാമൂഹിക നീതി പാലിച്ചോ എന്നുനോക്കിയായിരിക്കും നിലപാട് പ്രഖ്യാപിക്കുക. മതേതരത്വം പറയുന്ന മുസ്ലീംലീഗോ കേരള കോണ്‍ഗ്രസോ അവരുടെ ജയിക്കുന്ന സീറ്റില്‍ ഈഴവരെ സ്ഥാനാര്‍ഥിയാക്കാന്‍ തയ്യാറാകുമോ?. ഇവിടെ മതേതരത്വം കാപട്യമാണ്.
മാണി സി. കാപ്പന് പാലാ സീറ്റുവേണമെന്ന് പറഞ്ഞതില്‍ തെറ്റില്ല. കഷ്ടപ്പെട്ടാണ് അദ്ദേഹം അവിടെ ഉപതെരഞ്ഞടുപ്പില്‍ ജയിച്ചത്. കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന് മത്സരിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. തോമസ് ചാണ്ടിയുടെ ബാഗും തൂക്കി നടന്നു എന്നല്ലാതെ ഒരു യോഗ്യതയും അദ്ദേഹത്തിനില്ല.
ബി.ഡി.ജെ.എസിനെ ബി.ജെ.പി. വിഴുങ്ങരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.ബി.ഡി.ജെ.എസിന് ബി.ജെ.പി. വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും വാക്കുപാലിക്കുന്നില്ലെന്നും ആക്ഷേപം പറഞ്ഞു കേള്‍ക്കുന്നുണ്ട്. ബി.ജെ.പി.യുടെ വായിലെ ചോക്ലേറ്റായി ബി.ഡി.ജെ.എസ്. മാറരുതെന്ന് തന്നോട് ചിലര്‍ പറഞ്ഞു. കൊടുക്കാമെന്ന് പറഞ്ഞത് കൊടുക്കാത്തതുകൊണ്ടാണിത്. ബി.ഡി.ജെ.എസിനെ ബി.ജെ.പി. വിഴുങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണവരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.