Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കാഷ്യറെ കബളിപ്പിച്ച് പണം തട്ടുന്ന തട്ടിപ്പ് വീണ്ടും

റിയാദ് - തലസ്ഥാന നഗരിയിലെ ലബന്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലെ കാഷ്യറെ കബളിപ്പിച്ച്  യുവാവ് പണം തട്ടിയെടുത്തു. സൗദി വേഷത്തിലെത്തിയ യുവാവ് പ്ലാസ്റ്റിക് കപ്പുകള്‍ വാങ്ങിയ ശേഷം ഇതിന്റെ വിലയായി കൗണ്ടറില്‍ 100 റിയാലിന്റെ നോട്ട് നല്‍കി. ചില്ലറയില്ലേയെന്ന് കാഷ്യര്‍ ആരാഞ്ഞതോടെ 100 റിയാല്‍ നോട്ട് തിരികെ വാങ്ങി ഇടതു വശത്തെ പോക്കറ്റില്‍ വേഗത്തില്‍ തിരുകിയ യുവാവ് സംസാരങ്ങളിലൂടെ അല്‍പ നേരം കാഷ്യറുടെ ശ്രദ്ധ തിരിച്ച ശേഷം തന്റെ 100 റിയാല്‍ തിരിച്ചുനല്‍കിയിട്ടില്ലെന്ന് കാഷ്യറോട് പറയുകയും പ്ലാസ്റ്റിക് കപ്പുകളുടെ വില കഴിച്ചുള്ള ബാക്കി തുക ആവശ്യപ്പെടുകയുമായിരുന്നു.

100 റിയാല്‍ നോട്ട് താന്‍ തിരിച്ചുനല്‍കിയതായി കാഷ്യര്‍ പറഞ്ഞെങ്കിലും തന്റെ പക്കല്‍ 50 റിയാലിന്റെ ഒരു നോട്ട് മാത്രമാണുള്ളതെന്ന് പറഞ്ഞ യുവാവ് പ്ലാസ്റ്റിക് കപ്പുകളും 85 റിയാലും കൈക്കലാക്കി സ്ഥാപനത്തില്‍ നിന്ന് വേഗത്തില്‍ സ്ഥലം വിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളെല്ലാം സ്ഥാപനത്തിലെ ക്യാമറ പകര്‍ത്തി. മാസ്‌കും ശിരോവസ്ത്രവും ധരിച്ചതിനാല്‍ യുവാവിന്റെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമല്ല.

 

Latest News