നാഗ്പൂർ - ബൗളിംഗ് ആധിപത്യം കണ്ട രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ. നാല് വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനും, മൂന്ന് വീതം വിക്കറ്റെടുത്ത ഇശാന്ത് ശർമയും, രവീന്ദ്ര ജദേജയും ചേർന്ന് ശ്രീലങ്കയുടെ ഒന്നാമിന്നിംഗ്‌സ് 205 റൺസിൽ അവസാനിപ്പിച്ചു. ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിന്റെയും (57), ഓപ്പണർ ദിമുത് കരുണരത്‌നെയുടെയും (51) അർധ സെഞ്ചുറികൾ ഇല്ലായിരുന്നെങ്കിൽ അവരുടെ സ്ഥിതി ഇതിലും ദയനീയമായേനെ.
എങ്കിലും ഇന്ത്യൻ ബാറ്റിംഗും ഭീഷണി നേരിടുന്നുണ്ടെന്ന സൂചന നൽകി ഓപ്പണർ കെ.എൽ രാഹുലിനെ (7) ലഹിരു ഗമാഗെ ക്ലീൻ ബൗൾ ചെയ്തു. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ ആതിഥേയർ ഒരു വിക്കറ്റിന് 11 റൺസെടുത്തിട്ടുണ്ട്. രണ്ട് വീതം റൺസെടുത്ത മുരളി വിജയും, ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.
അവസാന ദിവസങ്ങളിൽ പിച്ച് കൂടുതൽ മോശമാകുമെന്ന് അറിയാവുന്നതു കൊണ്ടാവണം ടോസ് നേടിയ ചാന്ദിമൽ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. അനുകൂല സാഹചര്യം മുതലാക്കിയ ഇശാന്ത് തുടക്കത്തിൽ തന്നെ ആഞ്ഞടിച്ചു. ഓപ്പണർ സദീര സമരവിക്രമയാണ് (13) ആദ്യം പുറത്തായത്. ഫസ്റ്റ് സ്ലിപ്പിൽ പൂജാരക്കായിരുന്നു ക്യാച്ച്. പിന്നീട് നിയന്ത്രണം സ്പിന്നർമാർ ഏറ്റെടുത്തു. ലഹിരു തിരിമെന്നെയെ (9) ക്ലീൻ ബൗൾ ചെയ്തുകൊണ്ടായിരുന്നു അശ്വിന്റെ തുടക്കം. ആഞ്ചലോ മാത്യൂസിനെ (10) ജദേജ വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നീട് കരുണരത്‌നെയെയും ചാന്ദിമലും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 62 റൺസാണ് ലങ്കയെ 100 കടത്തിയത്. രണ്ടാം വരവിൽ ഇശാന്ത് ഈ കൂട്ടുകെട്ട് പൊളിച്ചു. 147 പന്ത് നേരിട്ട കരുണരത്‌നെ ആറ് ബൗണ്ടറികളാണടിച്ചത്. പതിനാലാം അർധ സെഞ്ചുറി നേടിയ ഓപ്പണർ, ഈ വർഷം ആയിരം ടെസ്റ്റ് റൺസ് പിന്നിട്ടു. ദക്ഷിണാഫ്രിക്കയുടെ ഡീൻ എൽഗറാണ് 2017ൽ ഈ നേട്ടം കൈവരിച്ച മറ്റൊരു ഓപ്പണർ.
ക്യാപ്റ്റനു കൂട്ടായെത്തിയ നിരോഷം ഡിക്ക്‌വെല്ല (24) സ്‌കോറിംഗ് വേഗത്തിലാക്കി. 30 പന്ത് നേരിട്ട, നാല് ബൗണ്ടറികളടിച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ പുറത്താക്കിയത് ജദേജയാണ്. ബൗണ്ടറിക്ക് സമീപം ഇശാന്തിനായിരുന്നു ക്യാച്ച്.
മറുഭാഗത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ച ചാന്ദിമലിനെ ഒടുവിൽ വീഴ്ത്തിയത് അശ്വിനാണ്. എൽ.ബി അപ്പീൽ ഫീൽഡ് അമ്പയർ അനുവദിക്കാത്തതിനെത്തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി റീപ്ലേ ആവശ്യപ്പെട്ടു. ടി.വി റീപ്ലേയിൽ ഔട്ടാണെന്ന് തെളിഞ്ഞതോടെ മൂന്നാം അമ്പയർ ഔട്ട് വിധിച്ചു. 122 പന്ത് നേരിട്ട ചാന്ദിമൽ നാല് ബൗണ്ടറികളും ഒരു സിക്‌സറും അടിച്ചിരുന്നു. വാലറ്റക്കാരിൽ ദിൽറുവാൻ പെരേരയും (15), സുരാംഗ ലക്മലുമാണ് (17) രണ്ടക്കം കണ്ടത്. രംഗണ ഹെരാത്തിനെ (4) അശ്വിൻ, അജിങ്ക്യ രഹാനെയുടെ കൈകളിലെത്തിച്ചതോടെ ലങ്കൻ ഇന്നിംഗ്‌സിന് അവസാനമായി.