കോഴിക്കോട്- കേരളത്തിലെ ആദ്യകാല വനിതാ ഫുട്‌ബോൾ താരങ്ങളിൽ ഒരാളും കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോൾ ടീം പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളിൽ കേരളത്തിന്റെ ഗോൾകീപ്പറായിരുന്നു. കൊൽക്കത്തയിൽ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയർ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരളത്തിന്റെ ഗോൾവല കാത്തത് ഫൗസിയയായിരുന്നു. ഫൈനലിൽ കേരളം ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും ഫൗസിയയുടെ പ്രകടനം ഗംഭീരമായിരുന്നു. വെയ്റ്റ് ലിഫ്റ്റിങ്ങിൽ സംസ്ഥാനചാമ്പ്യൻ, പവർ ലിഫ്റ്റിങ്ങിൽ സൗത്ത് ഇന്ത്യയിൽ മൂന്നാംസ്ഥാനം, ഹാൻഡ്‌ബോൾ സംസ്ഥാന ടീമംഗം, ജൂഡോയിൽ സംസ്ഥാനതലത്തിൽ വെങ്കലം, ഹോക്കി, വോളിബോൾ എന്നിവയിൽ ജില്ലാ ടീമംഗം എന്നിങ്ങനെയായിരുന്നു ഫൗസിയയുടെ കായിക രംഗത്തെ പ്രകടനങ്ങൾ.
2003ൽ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോൾ ടീം പരിശീലകയായി ചുമതലയേറ്റ വർഷം തന്നെ കേരളാടീമിലേക്ക് ജില്ലയിൽ നിന്ന് നാലുപേരെയാണ് ഫൗസിയ നൽകിയത്. 2005 മുതൽ 2007 വരെ സംസ്ഥാന സബ്ജൂനിയർ, ജൂനിയർ ടൂർണമെന്റിൽ റണ്ണർ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും അവർ തന്നെ. 2005-ൽ മണിപ്പുരിൽ നടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ കേരളം മൂന്നാംസ്ഥാനം നേടിയപ്പോൾ ടീമിന്റെ പരിശീലകയായിരുന്നു. 2006ൽ ഒഡിഷയിൽനടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.