Sorry, you need to enable JavaScript to visit this website.

ജയമില്ല, ഗോളും; കേരള ബ്ലാസ്റ്റേഴ്‌സ്  0 -  ജാംഷെഡ്പൂർ 0

രക്ഷാ ദൗത്യം... ജംഷെഡ്പുർ താരത്തിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി പോൾ റാച്ച്ബുക്ക രക്ഷപ്പെടുത്തുന്നു.     

കൊച്ചി- ആരാധകരുടെ ക്ഷമ പരീക്ഷിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നവാഗതരായ ജംഷഡ്പുർ എഫ്.സിയോടും തങ്ങളുടെ പ്രിയ ടീം ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പിന്തുണയുമായെത്തിയ മഞ്ഞപ്പട വീണ്ടും നിരാശരായി. കൂടുതൽ നന്നായി കളിച്ച ജംഷഡ്പുരിൽനിന്ന് തോൽവി ഏറ്റുവാങ്ങാതിരുന്നത് ഭാഗ്യമെന്ന് വേണമെങ്കിൽ പറയാം. നാലു തവണ അപകടത്തിൽനിന്നും രക്ഷപ്പെടുത്തിയ ഗോളി പോൾ റാച്ച്ബുക്കയോടാണ് ഇതിന് ബ്ലാസ്റ്റേഴ്‌സ് നന്ദി പറയേണ്ടത്.
രണ്ടു ടീമുകൾക്കും ഇത് രണ്ടാമത്തെ ഗോൾരഹിത സമനിലയാണ്. ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ബെർബതോവിനെ പൂട്ടിയ ജംഷെഡ്പുർ ഡിഫന്റർ മെഹ്താബ് ഹുസൈൻ മാൻ ഓഫ് ദി മാച്ചായി.
63 ശതമാനം സമയവും പന്തിന്റെ നിയന്ത്രണം ആതിഥേയർക്കായിരുന്നെങ്കിലും കളി മറിച്ചായിരുന്നു. ജംഷെഡ്പുരിന്റെ 11 ഷോട്ടുകളിൽ അഞ്ചെണ്ണം ടാർഗറ്റിലെത്തിയപ്പോൾ, ബ്ലാസ്റ്റേഴ്‌സിന്റെ ആറ് ഷോട്ടിൽ കേവലം രണ്ടെണ്ണം മാത്രമേ ലക്ഷ്യത്തിലേക്ക് നീങ്ങിയുള്ളു. ജംഷെഡ്പൂരിനു ആറ് കോർണറുകൾ ലഭിച്ചപ്പോൾ, ബ്ലാസ്റ്റേഴ്‌സിനു ഒരെണ്ണം പോലും ലഭിച്ചില്ല. ആതിഥേയരുടെ ആക്രമണ മൂർച്ച ഇതിൽനിന്ന് വ്യക്തം. 
മൂന്നാം മിനിറ്റിൽ സി.കെ. വിനീതിനെ സൗവിക് ചക്രവർത്തി ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ അവസരം. അത് ലക്ഷ്യം കണ്ടില്ല. തൊട്ടുപിന്നാലെ ജംഷെഡ്പുരിന്റെ ജെറിയുടെ പ്രത്യാക്രമണം. അടുത്ത മിനിറ്റിൽ കെവൻസ് ബെൽഫോർട്ടും ബ്ലാസ്റ്റേഴ്‌സ് ഗോൾ മുഖത്ത് ഭീഷണി ഉയർത്തി. ഏഴാം മിനിറ്റിൽ ബോക്‌സിനു പുറത്ത് വലതുവശത്ത് പെസിച്ചിന്റെ ടാക്ലിങ്ങിനെ തുടർന്ന് ജംഷെഡ്പുരിന് ഫ്രീ കിക്ക്. കിക്കെടുത്ത സൗവിക് ഘോഷിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് മതിൽ തുളച്ചെങ്കിലും റാച്ച്ബുക്ക പന്ത് കരങ്ങളിലൊതുക്കി.
പത്താം മിനിറ്റിൽ ഇയാൻ ഹ്യൂമിന്റെ മനോഹരമായ ക്രോസിൽ സി.കെ വിനീതിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നല്ലൊരു മുന്നേറ്റം കണ്ടത്. വിനീതിന്റെ ഹെഡ്ഡർ പക്ഷെ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക് പാഞ്ഞു. പതിനാറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ശ്രമം. ലാൽറുവാതാര കോർണർ ഫഌഗിനു സമീപത്തുനിന്നും ഡ്രിബിൾ ചെയ്തു നൽകിയ പാസ് ബെർബതോവ് ഗോൾവലയിലേക്ക് പായിച്ചെങ്കിലും ജംഷഡ്പുർ ഗോളി സുബ്രതോ പോൾ തടഞ്ഞു. എന്നാൽ സുബ്രതോയുടെ കയ്യിൽനിന്നും വഴുതിയ പന്ത് റീബൗണ്ടിൽ മുതലെടുക്കാൻ ആരുമുണ്ടായില്ല. 
മുപ്പത്തൊന്നാം മിനിറ്റിൽ ബെൽഫോർട്ടിനെ ജിങ്കൻ ഫൗൾ ചെയ്തതിനു പെനാൽട്ടി ബോക്‌സിനു തൊട്ടുമുന്നിൽ റഫറി ഫ്രീകിക്ക് അനുവദിച്ചത് ബ്ലാസ്റ്റേഴ്‌സിനു ഭീഷണിയായി. മെമോയുടെ മനോഹരമായ കാർപ്പറ്റ് ഡ്രൈവ് അതേ മികവോടെ റാച്ച്ബുക്ക കുത്തിയകറ്റി. റീബൗണ്ടിൽ പന്ത് കിട്ടിയ ജെറിയ്ക്കും റാച്ച്ബുക്കയെ കീഴടക്കാനായില്ല. 
ഒരു സ്‌ട്രൈക്കറെ മാത്രം വെച്ചു കളിക്കുന്നതിന്റെ കുറവ് ബ്ലാസ്റ്റേഴ്‌സിനുണ്ടായിരുന്നു. രണ്ടാം പകുതിയിൽ ബെൽഫോർട്ടും ട്രീൻഡാഡയും ആതിഥേയ ഗോൾമുഖത്ത് വട്ടമിട്ടു. 51ാം മിനിറ്റിൽ 30 വാര അകലെനിന്ന് ജാക്കിചന്ദ് സിംഗ് പായിച്ച ലോംഗ് റേഞ്ചർ ജംഷെഡ്പുർ ഗോളിയെ പരീക്ഷിക്കാതെ ക്രോസ് ബാറിനു മുകളിലൂടെ പാഞ്ഞു. 
58 ാം മിനിറ്റിൽ ബെർബതോവിനെ ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് എടുത്ത ഇയാൻ ഹ്യുമിന്റെ ലോംഗ് റേഞ്ചറും സുബ്രതോ പോളിന് ഭീഷണിയായില്ല. 67ാം മിനിറ്റിൽ വീണ്ടും ഇതേ പൊസിഷനിൽ കിട്ടിയ ഫ്രീ കിക്ക് എടുത്തപ്പോഴും ഹ്യൂമിനു ലക്ഷ്യം തെറ്റി. ഇതോടെ ഹ്യൂമിനെ മാറ്റി മാർക്ക് സിഫിനോസിനെ ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മ്യൂലെൻസ്റ്റീൻ ഇറക്കി. ബെർബതോവിനെ ജംഷെഡ്പുർ മാർക്ക് ചെയ്യാൻ തുടങ്ങിയതോടെ മത്സരം പരുക്കനായി. ആദ്യ മെഹ്താബിനും പിന്നീട് അതേ രീതിയിൽ പ്രതീകരിച്ചതിനു ബെർബതോവിനും മഞ്ഞ കാർഡ് കിട്ടി. 
സമയം തീരാറായതോട എങ്ങനെയും ഗോളടിക്കാൻ ഇരു ടീമുകളും ശ്രമിച്ചതോടെ കളി ചൂട് പിടിച്ചു. 75ാം മിനിറ്റിൽ ഫറൂഖ് ചൗധരിയുടെ ഷോട്ട് റാച്ച്ബുക്ക തടഞ്ഞു. അടുത്ത മിനിറ്റിൽ ബെർബതോവിന്റെ പാസിൽ പെർക്യൂസന്റെ ഷോട്ട് സുബ്രതോ പോൾ രക്ഷപ്പെടുത്തി. 80ാം മിനിറ്റിൽ ബികാഷ് ജെയ്‌റുവിന്റെ ഗോൾമുഖത്തിനു വിലങ്ങനെ വന്ന അപകടകരമായ പാസ് കണക്ട് ചെയ്യാൻ ജംഷെഡ്പുർ കളിക്കാർ ഇല്ലാതിരുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യം. 
82-ാം മിനിറ്റിൽ അപകടകാരിയായ ദക്ഷിണാഫ്രിക്കക്കാരൻ സമീഗ് ദൗതി, അസൂക്കയ്ക്കു പകരം വന്നു. അവസാന മിനിറ്റിൽ റാച്ച്ബുക്ക വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. 90ാം മിനിറ്റിൽ ട്രിൻഡാഡയുടെ പാസിൽ കെവൻസ് ബെൽഫോർട്ടിന്റെ അളന്നു കുറിച്ച ഹെഡ്ഡർ അവിശ്വസനീയമായി റാച്ച്ബുക്ക കുത്തിയകറ്റി രക്ഷപ്പെടുത്തിയപ്പോൾ ഗാലറിയിൽ ദീർഘനിശ്വാസം. 
ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ ഓരോ മാറ്റത്തോടെയാണ് ഇരു ടീമുകളും ഇന്നലെ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് മിലൻ സിംഗിനു പകരം ജാക്കിചന്ദ് സിംഗിനെയും, ജംഷെഡ്പുർ സമീഗ് ദൗതിക്കു പകരം മുൻ ബ്ലാസ്റ്റേഴ്‌സ് താരം കെവൻസ് ബെൽഫോർട്ടിനെയും ആദ്യ ഇലവനിൽ ഇറക്കി. റെനെ മ്യൂലെൻസ്റ്റീൻ 4-2-3-1 ഫോർമേഷനിലും സ്റ്റീവ് കോപ്പൽ 4-4-2 ഫോർമേഷനിലുമാണ് തന്ത്രം മെനഞ്ഞത്. 
രണ്ട് മത്സരങ്ങളും സമനിലയായതോടെ ഇരു ടീമുകൾക്കും രണ്ട് പോയന്റ് വീതമാണുള്ളത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഡിംസബർ മൂന്നിന് കൊച്ചിയിൽ മുംബൈക്കെതിരെയാണ്. ജംഷെഡ്പുർ ഡിസംബർ ഒന്നിനു ഹോം ഗ്രൗണ്ടിൽ എ.ടി.കെയെ നേരിടും. 

Latest News