മലപ്പുറം- അബ്ദുസദമദ് സമദാനിയ്ക്ക് മലപ്പുറത്തിന്റെ എം.പിയാവുകയെന്നത് ശ്രമകരമാവും. നിയമസഭാ പോരാട്ടത്തേക്കാള്‍ വലുതായി മാറിയിരിക്കുകയാണ് മുസ്‌ലിം ലീഗില്‍ ലോക്‌സഭാ സീറ്റ്. പ്രമുഖ നേതാക്കളെല്ലാം ഒറ്റക്കെട്ടായി സീറ്റിനായി ആവശ്യപ്പെടുകയാണ്. പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വന്നതിലൂടെയാണ് ഈയൊരു പ്രശ്‌നം ലീഗില്‍ സജീവമായിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പകരം അബ്ദുസമദ് സമദാനിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് ലീഗ്. എന്നാല്‍ ഇതിന്റെ സൂചനകള്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ ലീഗില്‍ മുന്‍നിര നേതാക്കളെല്ലാം സീറ്റ് ചോദിച്ച് ഇറങ്ങിയിരിക്കുകയാണ്. ആരെ പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ ഇതോടെ കടുത്ത ആശയക്കുഴപ്പത്തിലാണ് ലീഗ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാന്‍ സീറ്റുണ്ടാവില്ലെന്ന് ഉറപ്പായ ചില നേതാക്കളാണ് ഇപ്പോഴത്തെ ആവശ്യത്തിന് പിന്നില്‍. മഞ്ഞളാംകുഴി അലി അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെങ്കില്‍ പകരം ലോക്‌സഭയിലേക്ക് പോകാനാണ് ഇവര്‍ ഒരുങ്ങുന്നത്. സമദാനിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. പക്ഷേ അത് എളുപ്പത്തില്‍ കിട്ടില്ലെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ എംഎല്‍എമാര്‍ കൂടിയാണ് ശക്തമായ സമ്മര്‍ദവുമായി രംഗത്തുള്ളത്.