കോഴിക്കോട് - രണ്ടായിരത്തി ആറിൽ കോഴിക്കോട് ജില്ലയിൽ 297 വോട്ടുകൊണ്ട് യു.ഡി.എഫിന്റെ മാനം കാത്ത മ ണ്ഡലമാണ് കുന്നമംഗലം. സി.പി.എം. സ്വതന്ത്രനെന്ന വേഷത്തിൽ രണ്ടു തവണ കുന്നമംഗലത്തെ മംഗലം കഴിച്ച പി.ടി.എ. റഹീമിന് ഇനിയൊരൂഴമുണ്ടെങ്കിൽ അത് ഐ.എൻ.എല്ലിന്റെ അക്കൗണ്ടിലാണ്.
പ്രശസ്ത സ്ഥാപനങ്ങളായ ഐ.ഐ.എം, എൻ.ഐ.ടി, സി.ഡബ്യു.ആർ.ഡി.എം, സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ്, മാവൂർ ഗ്വാളിയർ റയോൺസ്, കാരന്തൂർ മർക്കസ് എന്നിവ ഉൾക്കൊള്ളുന്ന കുന്നമംഗലം ബി.ജെ.പിക്ക് ജില്ലയിൽ ഏറ്റവും ഉയർന്ന വോട്ട് നൽകിയ മ ണ്ഡലമാണ്.
കുന്നമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകൾ ഉൾപ്പെട്ട മ ണ്ഡലത്തിൽ ഒളവണ്ണയിലൊഴികെ ഇടതു വലതു മുന്നണികൾ ബലാബലം പൊരുതുന്നു. ഒളവണ്ണയിൽ ഇടത് സ്വാധീനം ശക്തമാണ്. 2008ൽ മ ണ്ഡലം പുനർനിർണയിക്കും മുമ്പെ കുരുവട്ടൂർ, മുക്കം പഞ്ചായത്തുകൾ കുന്നമംഗലത്തിന്റെ ഭാഗമായിരുന്നു. ഒളവണ്ണ ബേപ്പൂരിന്റെയും.
1957ലും 1960ലും കോൺഗ്രസിലെ ലീലാ ദാമോദരമേനോൻ ജയിച്ചത് കമ്യൂണിസ്റ്റ് പാർടിയിലെ കരുത്തനായ കെ. ചാത്തുണ്ണിമാസ്റ്ററെ തോൽപിച്ചാണ്. 1965ലും 1967ലും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ വി.കുട്ടിക്കൃഷ്ണൻ നായർ വിജയിച്ചു. കോൺഗ്രസിലെ പി.കെ.ഇമ്പിച്ചി അഹമ്മദ് ഹാജിയും കെ.പി.പത്മനാഭനുമാണ് യഥാക്രമം തോറ്റത്. 1970ൽ സിറ്റിംഗ് എം.എൽ.എയെ തോൽപിച്ചത് മുസ്‌ലിംലീഗിലെ പി.വി.എസ്. മുസ്തഫ പൂക്കോയ തങ്ങളാണ്. 1977,1980,1982 തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ ഭാഗമായ അഖിലേന്ത്യാ മുസ്‌ലിംലീഗിലെ കെ.പി.രാമൻ മാസ്റ്റർ കുന്നമംഗലത്തിന്റെ ജനപ്രതിനിധിയായി.
1977ലാണ് മണ്ഡലം പട്ടികജാതി സംവരണമായത്. ലീഗ് ലയനത്തെ തുടർന്ന് യു.ഡി.എഫ്. സ്ഥാനാർഥിയായ കെ.പി.രാമനെ 1987ൽ സി.പി.എമ്മിലെ സി.പി.ബാലൻവൈദ്യർ തോൽപിച്ചു. 1991ലും 1996ലും ബാലൻവൈദ്യർ വിജയം ആവർത്തിച്ചു. 91ൽ കോൺഗ്രസിലെ എ. ബാലറാമും 96ൽ ലീഗിലെ എ.പി.ഉണ്ണികൃഷ്ണനും തോൽവി ഏറ്റുവാങ്ങി.
2001ൽ 3711 വോട്ടിന് സി.പി.എമ്മിലെ പി.കുഞ്ഞനെ മുസ്‌ലിംലീഗ് സ്വതന്ത്രനായ യു.സി. രാമൻ പരാജയപ്പെടുത്തി. 2006ൽ മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.എം. പഴയ നേതാവ് സി.പി.ബാലൻവൈദ്യരെ നിയോഗിച്ചെങ്കിലും 297 വോട്ടിനാണെങ്കിലും യു.സി. വിജയം ആവർത്തിച്ചു. ആ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ യു.ഡി.എഫിന് ലഭിച്ച ഏക മ ണ്ഡലമാണ് ഇത്. 2011ലാണ് പി.ടി.എ. റഹീം കുന്നമംഗലത്തെത്തുന്നത.് 2006ൽ ലീഗിന്റെ കുത്തക മണ്ഡലമായ കൊടുവള്ളിയിൽ യു.ഡി.എഫിനെ തറ പറ്റിച്ച ഖ്യാതിയുമായാണ്. മ ണ്ഡലത്തിലെ കാന്തപുരം സുന്നി വിഭാഗത്തിന്റെ വോട്ടിൽ റഹീമിനുള്ള സ്വാധീനം പരിഗണിച്ചായിരുന്നു ഈ വരവ്. അത് ഫലം കാണുകയും ചെയ്തു. 3269 വോട്ടിന് യു.സിയെ റഹീം തോൽപിച്ചു. 2016ൽ സംവരണ മ ണ്ഡലമായ ബാലുശ്ശേരിയിലേക്ക് യു.സിയെ മാറ്റിയപ്പോൾ റഹീമിനെ എതിരിടാനെത്തിയ ടി. സിദ്ദീഖിനെ സ്വീകരിച്ചത് കനത്ത തോൽവിയാണ്. റഹീമിന്റെ ഭൂരിപക്ഷം 11205 ആയി വർധിച്ചു.
ഇതിനിടെ വോട്ടിൽ ഏറ്റവും വലിയ വളർച്ചയുണ്ടാക്കിയത് ബി.ജെ.പിയാണ്. 2011ൽ 17123 വോട്ട് നേടിയ ബി.ജെ.പിയിലെ സി.കെ. പദ്മനാഭന്റെ പെട്ടിയിൽ 2016ൽ വീണത് 32702 വോട്ടാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 30650 വോട്ട് ബി.ജെ.പിക്ക് ഇവിടെ ലഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2009ൽ 1500 വോട്ടിന്റെയും 2014ൽ 1396 വോട്ടിന്റെയും ഭൂരിപക്ഷം ഇടതിനായിരുന്നെങ്കിൽ 2019ൽ 11292 വോട്ട് യു.ഡി.എഫിനായി. സി.കെ.പത്മനാഭൻ ഇക്കുറി ഉണ്ടാവാനിടയില്ല. പ്രകാശ് ബാബുവിനാണ് സാധ്യത.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതിനാണ് മേൽക്കൈ. ഒളവണ്ണ, പെരുമണ്ണ, ചാത്തമംഗലം പഞ്ചായത്തുകൾ നിലനിർത്തിയ എൽ.ഡി.എഫ് കുന്ദമംഗലം പിടിച്ചെടുത്തു. യു.ഡി.എഫ് ആകട്ടെ പെരുവയൽ നിലനിർത്തുകയും മാവൂർ പിടിച്ചെടുക്കുകയും ചെയ്തു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് നിലനിർത്തി. ജില്ലയിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളേ യു.ഡി.എഫിനുള്ളൂ. കൊടുവള്ളി, കുന്നമംഗലം എന്നിവ.
ബാലുശ്ശേരിയും കുന്നമംഗലവും കോൺഗ്രസും ലീഗും വെച്ചു മാറണമെന്ന നിർദേശമുണ്ട്. അങ്ങനെയെങ്കിൽ യു.സി. രാമൻ വീണ്ടും യു.ഡി.എഫ്. സ്ഥാനാർഥിയാവും. യൂത്ത്‌ലീഗിന്റെ സംസ്ഥാന ജനറൽസെക്രട്ടറി പി.കെ.ഫിറോസിന്റെ നാടാണ് ഇത്. കഴിഞ്ഞ തവണ മത്സരിച്ച ടി.സിദ്ദീഖിനും കുന്നമംഗലത്തോട് താല്പര്യമില്ല. പി.ടി.എ.റഹീം ഇപ്പോൾ ഐ.എൻ.എല്ലിലാണ്. 2016ൽ നാഷനൽ ലീഗിന് മൂന്ന് സീറ്റാണ് ഇടതുമുന്നണി അനുവദിച്ചത്. ഇത്തവണ മൂന്നിലേറെ സീറ്റിനായി സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും പാർട്ടികളുടെ എണ്ണം വർധിച്ചതിനാൽ ഇത് അനുവദിക്കുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. അങ്ങനെയെങ്കിൽ റഹീമിന്റെ സീറ്റിന് പുറമെ മൂന്ന് എന്നതിലെങ്കിലും ധാരണയുണ്ടാക്കാനാണ് ഐ.എൻ.എൽ. ശ്രമം.