കൊണ്ടോട്ടി- കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും ഭാഗികമായി അടക്കാനൊരുങ്ങുന്നു. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് അത്യാവശ്യമായ റണ്‍വേയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് റണ്‍വെ ഭാഗികമായി അടക്കുന്നത്. 2018 ജനുവരി മുതല്‍ ജൂണ്‍ വരെ ആറു മാസ കാലത്തേക്കാണിതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
താരതമ്യേന സര്‍വീസുകള്‍ കുറവായ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം ആറു മണി വരേയാകും റണ്‍വെ അടച്ചിടുക. ഈ സമയത്ത് നിലവില്‍ ഒന്നോ രണ്ടോ സര്‍വീസുകള്‍ മാത്രമെ ഉള്ളൂവെന്നും ഇവയുടെ സമയക്രമം ഉടന്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
2850 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയിലെ ഏതാനും സംവിധാനങ്ങള്‍ മാറ്റി സ്ഥാപിച്ച് റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (റെസ) വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ജനുവരിയില്‍ ആരംഭിക്കുന്നത്. നിലവിലെ റണ്‍വെ വെട്ടിക്കുറച്ച് റെസ 240 മീറ്ററാക്കാനാണു പദ്ധതി. ഇതു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ 90 മീറ്ററാണ് റെസ. നിലവിലെ വ്യോമ സുരക്ഷാ മാനദണ്ഡ പ്രകാരം ഇത് വലിയ വിമാനങ്ങളുടെ സര്‍വീസിനു അപര്യാപ്തമാണ്. ജൂണില്‍ പണികള്‍ പൂര്‍ത്തിയാകുന്നതോടെ റണ്‍വേയുടെ നീളം 2700 മീറ്ററായി ചുരുങ്ങും.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എന്നീ വിമാന കമ്പനികള്‍ ബി777, എ 320 വിമാനങ്ങളും സമാനമായ വലിയ വിമാനങ്ങളും കരിപ്പൂരില്‍നിന്ന് സര്‍വീസ് നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. വലിയ വിമാനങ്ങളുടെ സര്‍വീസിന് 2700 മീറ്റര്‍ റണ്‍വെ തന്നെ ധാരാളമാണെന്നും നിലവില്‍ ഇതിനാവശ്യമായ എല്ലാ സംവിധാനങ്ങളും കരിപ്പൂരിലുണ്ടെന്നും ഈ വിമാന കമ്പനികള്‍ എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു സമര്‍പ്പിച്ച സാധ്യതാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിലേക്കടക്കം നിറയെ യാത്രക്കാരും കാര്‍ഗോയുമായി ഡ്രീംലൈനര്‍ അടക്കമുള്ള വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള സൗകര്യം കരിപ്പൂരിലുണ്ടെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.
എയര്‍ പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടതു പ്രകാരമാണ് വിമാന കമ്പനികള്‍ കരിപ്പൂരില്‍ തങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള സാധ്യതാ പഠനം സ്വന്തം നിലയില്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തി വരുന്ന സാങ്കേതിക യോഗ്യതാ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ടില്‍ വിമാന കമ്പനികളുടെ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയാണ് ഡിജിസിഎക്കു സമര്‍പ്പിക്കുക. ഈ ശുപാര്‍ശകള്‍ ഡിജിസിഎ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അതോറിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു.