Sorry, you need to enable JavaScript to visit this website.

തിരശ്ശീലയിലെ ഇരുട്ട് 

സിനിമ അടക്കമുള്ള ജനപ്രിയ കലാസൃഷ്ടികൾ തങ്ങളുടെ അഭിരുചിക്കൊത്തത് മാത്രമായിരിക്കണമെന്ന ദുശ്ശാഠ്യമാണ് സംഘ്പരിവാറിന്. പത്മാവതി എന്ന ബൻസാലി ചിത്രത്തിനെതിരായ കലാപത്തിന് പിന്നിൽ പക്ഷെ അതു മാത്രമല്ല. മുസ്‌ലിം രാജാവും രജപുത്ര റാണിയും തമ്മിലുള്ള പ്രണയ ചിത്രീകരണം അവർ ഇത്രനാളും പറയാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്ന അധിനിവേശ കഥകൾക്ക് വിരുദ്ധമായിപ്പോകും. ഹിന്ദു-മുസ്‌ലിം ശത്രുത വളർത്തുകയും അതുവഴി വോട്ടുബാങ്കുകളെ ധ്രുവീകരിക്കുകയും ചെയ്യുകയെന്ന പരിമിത ലക്ഷ്യമല്ലാതെ മറ്റൊന്നും ഈ പടയിളക്കത്തിനില്ല.

സിനിമ കാണാൻ ഇരുട്ട് ആവശ്യമാണ്. തിരശ്ശീലയിലാകട്ടെ, നിഴലും വെളിച്ചവും സമഞ്ജസമായി സമ്മേളിച്ചാണ് ചലച്ചിത്രം വിരിയുന്നത്. ഇരുട്ടിലിരുന്ന് അത് കാണുന്ന പ്രേക്ഷകൻ വെളിച്ചമുള്ള മനസ്സുമായാണ് പുറത്തേക്ക് പോകുന്നത്. എന്നാൽ തിരശ്ശീലയിൽ തന്നെ ഇരുട്ട് നിറക്കുകയാണ് ഫാസിസത്തിന്റെ പുതിയ അവതാരങ്ങൾ. 
സിനിമ പറയുന്നത് ചരിത്രമാണോ, ഐതിഹ്യമാണോ എന്നൊന്നും ഇക്കൂട്ടർക്ക് വിഷയമേയല്ല. അത് സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വസ്തുതകളെ വളച്ചൊടിക്കുന്നുണ്ടോ, സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളൊന്നും മസ്തിഷ്‌കത്തെ മയക്കിക്കിടത്തുകയും സിരാപടലങ്ങളെ വർഗീയാഗ്നിയിൽ ചൂടുപിടിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങൾക്ക് ബാധകമല്ല. കലയെക്കാൾ കലാപമാണ് അവർ ഇഷ്ടപ്പെടുന്നത്. സാമൂഹിക ഐക്യമല്ല, വിഭജനമാണ് അവരുടെ മുൻഗണന. ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തായി ഈ ചിന്ത മാറിക്കഴിഞ്ഞു.
ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് 160 കോടി രൂപ ചെലവിൽ ഒരു വർഷമെടുത്ത് ചിത്രീകരിച്ച പത്മാവതി എന്ന ചിത്രത്തിനെതിരെ രജപുത്ര സംഘടനകളും സംഘ്പരിവാറും രംഗത്തുവന്നിരിക്കുന്നത് പുതിയ സംഭവമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളി എന്നതിനെക്കാൾ, ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളുടെ അന്തസ്സത്തയാണ് ഈ വിവാദത്തിൽ പ്രതിഫലിക്കുന്നത്. അത് അസഹിഷ്ണുതയുടെ വ്യാപനമാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്തതൊന്നും വേണ്ടെന്ന ധാർഷ്ട്യവുമാണ്. ഇത് സംഘ്പരിവാറിന്റെ മൗലികമായ ചോദനയാണ്. കേന്ദ്രത്തിലും അനേകം സംസ്ഥാനങ്ങളിലും അധികാരം കൈകാര്യം ചെയ്യുമ്പോൾ സ്വാഭാവികമായി അത് പുറത്തുവരുന്നുവെന്ന് മാത്രം.
പത്മാവതി മാത്രമല്ല, ഗോവയിൽ നടക്കുന്ന ചലച്ചിത്രമേളയിൽ രണ്ട് ഇന്ത്യൻ പനോരമ ചിത്രങ്ങൾ പിൻവലിക്കാൻ വാർത്താ വിതരണ മന്ത്രാലയം നൽകിയ ഉത്തരവും ഈ ചിന്ത തന്നെയാണ് പ്രതിഫലിക്കുന്നത്. എസ് ദുർഗ എന്ന് പേരു മാറ്റാൻ നിർബന്ധിതമായ സെക്‌സി ദുർഗ എന്ന ചിത്രവും ന്യൂഡ് എന്ന ചിത്രവും. 
ഇതിനുമുമ്പും കലാസൃഷ്ടികൾക്കുമേൽ ഇത്തരം നിയന്ത്രണങ്ങൾ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. കലാസ്ഥാപനങ്ങളെ കൈയടക്കാനും അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബോളിവുഡിൽ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് ശിവസേനയുടെ പ്രത്യേകാനുമതി വേണ്ട ഒരു കാലമുണ്ടായിരുന്നു. ബാൽ താക്കറെയുടെ കാലശേഷം അതിന് ചെറിയ തോതിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് ആ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്. എങ്കിലും ഇപ്പോഴും ഏറിയും കുറഞ്ഞും അത്തരം പ്രവണതകൾ നിലനിൽക്കുന്നു. വലിയ മുതൽമുടക്കുള്ള വ്യവസായമായ സിനിമ അത്തരം പ്രവണതകളെ അതിലംഘിക്കാനുള്ള ശേഷി പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.
ഇപ്പോഴാകട്ടെ, അധികാര കേന്ദ്രങ്ങൾപോലും ഈ അസഹിഷ്ണുതയുടെ വൈതാളികർക്ക് ഒപ്പമാണെന്ന തിരിച്ചറിവ് അവർക്കുണ്ട്. എസ് ദുർഗക്ക് സംഭവിച്ചതു പോലെ ആത്യന്തികമായി സെൻസർ ബോർഡിന്റെ കത്രിക വീണ പത്മാവതിയാകും പ്രദർശനത്തിനെത്തുകയെന്നാണ് കരുതേണ്ടത്. 160 കോടിയുടെ നിക്ഷേപം ചുമ്മാ വേണ്ടെന്ന് വെക്കാൻ കഴിയില്ലല്ലോ. സിനിമ തിയറ്ററുകളിലെത്താതെ അത് തിരിച്ചുപിടിക്കാനാവില്ല. അതിനാൽ തന്നെ ബൻസാലിയും സിനിമയുടെ നിർമാതാക്കളുമെല്ലാം വിട്ടുവീഴ്ചക്ക് തയാറാകേണ്ടി വരും. അഭിനയിച്ചു പോയതിന് ദീപികയും രൺവീറുമെല്ലാം മാപ്പിരന്നാലും അത്ഭുതമില്ല. അവരുടെ തലക്ക് 15 കോടിയാണ് വില.
പലരും പറയുന്നതുപോലെ, പത്മാവതിയെക്കുറിച്ച സംവാദങ്ങളും ചർച്ചകളും രജപുത്ര അഭിമാനത്തിൽ ഒതുക്കാനാവില്ലെന്നതാണ് സത്യം. വാസ്തവത്തിൽ അത് സ്പർശിക്കുന്നത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും അഭിമാനത്തിലുമാണ്. ഇന്ത്യ പരമ്പരാഗതമായി വെച്ചുപുലർത്തുന്ന സഹിഷ്ണുതയുടെ പാരമ്പര്യത്തിലാണ് സംഘ്പരിവാർ കത്തിവെക്കാൻ ശ്രമിക്കുന്നത് എന്നതാണ് ഇന്ത്യക്കാരന്റെ അഭിമാനം വ്രണപ്പെടുത്തുന്നത്. 
സിനിമയിൽ അപകീർത്തികരമായി വല്ലതുമുണ്ടെങ്കിൽ, ഏതെങ്കിലും മതവിഭാഗങ്ങളുടേയും സമൂഹത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് തിരുത്തപ്പെടേണ്ടതാണ്. എന്നാൽ അത് ചെയ്യുന്നതിന് നമുക്ക് നിയമപരമായ സംവിധാനങ്ങളുണ്ട്. സെൻസർ ബോർഡ് ഓഫ് ഇന്ത്യ സിനിമയെ സംബന്ധിച്ച് അതിനുള്ള സംവിധാനമാണ്. അവർക്ക് അതിന് അവസരം നൽകാതെ നിയമം കൈയിലെടുത്ത് സിനിമയുടെ അണിയറശിൽപികളെ ഭീഷണിപ്പെടുത്തുന്നത് ഫാസിസത്തിന്റെ രംഗപ്രവേശമാണ്. 
പശുസംരക്ഷണത്തിനൊപ്പം സംസ്‌കാര സംരക്ഷണവും ഏറ്റെടുത്തിരിക്കുന്ന വൈതാളികരുടെ ഇരയായി പത്മാവതി മാറാൻ പാടില്ല. ഈ സിനിമയുടെ പേരിൽ ദിവസവും അരങ്ങേറുന്ന അസംബന്ധനാടകങ്ങൾ ആധുനിക ഇന്ത്യയിലെ പൗരനെ ലജ്ജിപ്പിക്കുക തന്നെ വേണം. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ നടി ദീപിക പദുക്കോണിനും മറ്റുള്ളവർക്കും പരസ്യമായി തലയ്ക്കു വിലയിടാനും അത് സംസ്ഥാനത്തേയോ കേന്ദ്രത്തിലേയോ സർക്കാരുകളെ ഒട്ടുമേ അലോസരപ്പെടുത്താതിരിക്കാനും കഴിയുന്ന തരത്തിൽ നാം മാറിക്കഴിഞ്ഞുവെന്നത് നടുക്കുന്ന സത്യമാണ്. കർണിസേനയെപ്പോലെ അക്രമവാസനയുള്ള സംഘടനകളുടെ അഴിഞ്ഞാട്ടത്തിന് വേദിയൊരുക്കുകയാണ് ഉത്തരവാദപ്പെട്ട സർക്കാരുകൾ. സംസ്ഥാനങ്ങൾ ഓരോന്നായി ദിവസവും സിനിമയുടെ പ്രദർശനത്തിനെതിരെ രംഗത്തു വരികയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തും അടുത്ത കൊല്ലം തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കുന്ന രാജസ്ഥാനും മധ്യപ്രദേശുമൊക്കെയാണ് മുന്നിലെന്നതിൽനിന്ന് ഇത്തരം പ്രതികരണങ്ങളുടെ പ്രചോദനം വ്യക്തമാണ്. 
സിനിമ തടയാൻ മിക്ക സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നത് ജനവികാരം, ക്രമസമാധാന പ്രശ്‌നം തുടങ്ങിയ കാരണങ്ങളാണ്. എന്നാൽ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കാൻ ഇതൊന്നും മതിയായ കാരണങ്ങളല്ലെന്ന് സുപ്രീം കോടതി മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. 
ജനജീവിതത്തിന് കേവലഭീഷണി ഉണ്ടെന്ന കാരണത്താൽ ആവിഷ്‌കാര സ്വാതന്ത്ര്യം അടിച്ചമർത്തരുതെന്ന് രംഗരാജൻ വേഴ്‌സസ് ജഗ്ജീവൻ റാം കേസിൽ സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി. സംഘ്പരിവാറിനൊപ്പം കലിതുള്ളുന്ന പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇക്കാര്യം മനസ്സിലാക്കണം. കെട്ടുകഥകളെ ആസ്പദമാക്കിയുണ്ടാക്കിയ ഒരു കാൽപനിക കാവ്യത്തെ ആധാരമാക്കിയുണ്ടാക്കിയ സിനിമയെ ചരിത്ര വസ്തുതകളെ ചോദ്യം ചെയ്യുന്നതായി തെറ്റിധരിപ്പിച്ചാണ് എതിരാളികൾ കൈകാര്യം ചെയ്യുന്നത്. അതുവഴി സർക്കാരാകട്ടെ, രജപുത്ര അഭിമാനത്തെ വളർത്തി വോട്ട് നേടാനും ഹിന്ദു-മുസ്‌ലിം ശത്രുത വളർത്താനും ശ്രമിക്കുന്നു. ആക്രമിക്കാനെത്തിയ മുസ്‌ലിം രാജാവിൽനിന്ന് രക്ഷപ്പെടാൻ 16000 സ്ത്രീകളോടൊപ്പം മേവാതിലെ റാണിയായ പത്മാവതി തീയിൽ ചാടി ജീവനൊടുക്കിയ കഥ, ചരിത്രത്തിലെങ്ങും ഇടം പിടിച്ചിട്ടില്ലെന്ന് മധ്യകാല ചരിത്രത്തിൽ പാണ്ഡിത്യമുള്ളവർ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. അലാവുദ്ദീൻ ഖിൽജിയുടെ കാലഘട്ടം കഴിഞ്ഞ് രണ്ട് നൂറ്റാണ്ടിന് ശേഷം ഒരു സൂഫി കവി രചിച്ച പത്മാവത് എന്ന കാവ്യമാണ് തന്റെ സിനിമക്ക് അടിസ്ഥാനമെന്ന് സംവിധായകൻ ബൻസാലിയും പറയുന്നു. അപ്പോൾ സിനിമക്കെതിരായ ആക്രമണവും വിമർശനവും ആസൂത്രിതവും മറ്റ് ലക്ഷ്യങ്ങളോട് കൂടിയതാണെന്നും കരുതേണ്ടിവരുന്നു. 
കഥകളിലും ഐതിഹ്യങ്ങളിലും പരന്നൊഴുകുന്ന സംഭവഗതികൾക്ക് വ്യാഖ്യാനക്ഷമമായ പുതിയ ചാലുകൾ വെട്ടിത്തീർക്കുക സർഗസമ്പന്നരായ എഴുത്തുകാരുടെ കഴിവാണ്. മലയാളത്തിൽതന്നെ ഉദാഹരണങ്ങൾ വേണ്ടുവോളം. ഒരു വടക്കൻ വീരഗാഥ എന്ന സിനിമ വടക്കൻ പാട്ടിൽനിന്ന് പ്രചോദനമുൾക്കൊണ്ട കഥയാണ്. പാടിപ്പതിഞ്ഞ വടക്കൻ പാട്ടുകളിലെ കഥയല്ല, അതിൽ എം.ടി പറയുന്നത്. അതിന്റെ പേരിൽ ഇവിടെ ആരും വാളെടുത്ത് ഉറഞ്ഞുതുള്ളിയില്ല. ചരിത്രത്തിൽ കൈവെക്കലോ, സംസ്‌കാരത്തെ മലീമസമാക്കലോ ആയി കണ്ടില്ല. വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിനെ, മനസ്സിൽ നന്മയുള്ള, തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥാപാത്രമായി എം.ടി മിനുക്കിയെടുത്തു. ഇത്തരം ഐതിഹ്യ കഥാപാത്രം മാത്രമാണ് റാണി പത്മാവതിയും. അവർ അനുഷ്ഠിച്ച ജീവത്യാഗത്തിന്റെ കഥ സൂഫി കവിയുടെ ഭാവന മാത്രമാണ്. എന്നിട്ടും അതിന്റെ പേരിൽ ഒരു സിനിമയെ വേട്ടയാടുന്നത് ജനങ്ങൾക്കിടയിൽ മതവൈരാഗ്യവും വിദ്വേഷവും മാത്രം ഇളക്കിവിടാനാണ്. 
ഭൂതകാലത്തെ കാൽപനികവത്കരിക്കുന്നത് ഇന്ത്യൻ സിനിമയിലോ ലോക സിനിമയിലോ ഇതാദ്യമല്ല. മുഗളെ അഅ്‌സം മുതൽ ഒലിവർ സ്റ്റോണിന്റെ ജെ.എഫ്.കെ വരെ നമ്മുടെ മുന്നിലുള്ള സിനിമകളാണ്. എന്നാൽ കർണിസേനയുടേയും സംഘ്പരിവാറിന്റെയും താൽപര്യങ്ങൾ മറ്റൊന്നാണ്. ദൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജി, രജപുത്ര സുന്ദരിയായ റാണി പത്മാവതിയുടെ മനം കവരാൻ ശ്രമിക്കുന്നത് അവർ ഇത്രനാളും പറയാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്ന അധിനിവേശ കഥകൾക്ക് വിരുദ്ധമായിപ്പോകും. മധ്യകാല ചരിത്രത്തെ തന്നെ ഇല്ലായ്മ ചെയ്യാനും വേദകാലത്തിൽനിന്ന് തുടങ്ങുന്ന പുതിയ ഹിന്ദു ചരിത്രം സൃഷ്ടിക്കാനും ശ്രമിക്കുന്നവർക്ക് ഇത്തരം കഥാഖ്യാനങ്ങൾ അലോസരമുണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളു. അസഹിഷ്ണുതയുടെ ലോകവീക്ഷണം പരത്താൻ ശ്രമിക്കുന്നവർ എപ്പോഴും പുതിയ ആയുധങ്ങൾ തേടിക്കൊണ്ടേയിരിക്കും.
 

Latest News