അറാര്‍ - പുതിയ അറാര്‍ വിമാനത്താവളം ഉത്തര അതിര്‍ത്തി പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ഹാദി അല്‍മന്‍സൂരിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അറാര്‍ എയര്‍പോര്‍ട്ടിലെ കടുത്ത തിരക്ക് കണക്കിലെടുത്താണ് പുതിയ എയര്‍പോര്‍ട്ട് നിര്‍മിച്ചതെന്ന് ഫൈസല്‍ ബിന്‍ ഖാലിദ് രാജകുമാരന്‍ പറഞ്ഞു. ഉത്തര അതിര്‍ത്തി പ്രവിശ്യക്ക് ആവശ്യമായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് പുതിയ വിമാനത്താവളം. പ്രവിശ്യയുടെ സാമ്പത്തിക വികസനത്തില്‍ പുതിയ വിമാനത്താവളം വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉത്തര അതിര്‍ത്തി പ്രവിശ്യ ഗവര്‍ണര്‍ പറഞ്ഞു.
ഒരേ സമയം നാലു വിമാനങ്ങള്‍ക്ക് സേവനം നല്‍കുന്ന, ആഗമന, നിര്‍ഗമന യാത്രക്കാര്‍ക്കുള്ള ആറു ഗെയ്റ്റുകള്‍ പുതിയ എയര്‍പോര്‍ട്ടിലുണ്ട്. യാത്രക്കാരുടെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പത്തു എയര്‍ലൈന്‍സ് കൗണ്ടറുകളും ആഗമന യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 12 ജവാസാത്ത് കൗണ്ടറുകളും നിര്‍ഗമന യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എട്ടു ജവാസാത്ത് കൗണ്ടറുകളും മെയിന്‍ ഹാളില്‍ യാത്രക്കാര്‍ക്ക് 900 കസേരകളും പുതിയ എയര്‍പോര്‍ട്ടിലുണ്ട്. 14,990 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് പ്രധാന ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. റോയല്‍ ടെര്‍മിനലിന് 1,800 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ട്. അഗ്നിശമന വിഭാഗത്തിന്റെ കെട്ടിടം 3,200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടത്തിന് 850 ചതുരശ്രമീറ്ററും പ്രധാന വൈദ്യുതി നിലയത്തിന് 1,100 ചതുരശ്രമീറ്ററും ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് 2,200 ചതുരശ്രമീറ്ററും വിസ്തീര്‍ണമുണ്ട്.
ഗതാഗത മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ഹാദി അല്‍മന്‍സൂരി, പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ്, ഡെപ്യൂട്ടി ഗതാഗത മന്ത്രി എന്‍ജിനീയര്‍ ബദ്ര്‍ അല്‍ദലാമി, സൗദി റെയില്‍വെ കമ്പനി സി.ഇ.ഒ ഡോ. ബശാര്‍ അല്‍മാലിക്, ഗതാഗത മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉത്തര അതിര്‍ത്തി പ്രവിശ്യ ഗവര്‍ണര്‍ പിന്നീട് പ്രത്യേകം കൂടിക്കാഴ്ച നടത്തി. പ്രവിശ്യയില്‍ ഗതാഗത സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതിയെയും പ്രവിശ്യയില്‍ നടപ്പാക്കുന്ന ഗതാഗത പദ്ധതികളുടെ പുരോഗതിയെയും ഭാവിയില്‍ ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ നടപ്പാക്കുന്ന പ്രധാന ഗതാഗത പദ്ധതികളെയും കുറിച്ച് കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തു.