Sorry, you need to enable JavaScript to visit this website.

അഭിമന്യു-ദില്ലി കലാപ ഫണ്ട് വിനിയോഗം; പിണറായിക്കും കോടിയേരിക്കും എതിരെ പരാതി

കുന്ദമംഗലം - മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ പരാതി. 
മുസ്‌ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡൻറ് ഒ.എം നൗഷാദ് ആണ് പരാതി നൽകിയത്. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിനെ എസ്.ഡി.പി.ഐക്കാർ കൊലപ്പെടുത്തിയതിനെ തുടർന്ന് നടത്തിയ അഭിമന്യു കുടുംബ സഹായ ഫണ്ടിലും, ദില്ലി കലാപ ബാധിതർക്ക് വേണ്ടി നടത്തിയ പണപ്പിരിവിലും സുതാര്യമായ രീതിയിൽ അല്ല പണ വിനിയോഗം നടത്തിയത് എന്നും, ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ അഴിമതി നടത്തി എന്നും ആരോപിച്ച് കൊണ്ടാണ് ഐ.പി.സി 420 പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുള്ളത്. 
അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് ഇടുക്കി ജില്ലാ കമ്മിറ്റി മുഖേന 71 ലക്ഷം രൂപയും എറണാകുളം ജില്ലാ കമ്മിറ്റി ഫെഡറൽ ബാങ്ക് അക്കൗണ്ട് മുഖേന 2,39,74,881 രൂപയും എസ് എഫ് ഐ മുഖേന 33 ലക്ഷം രൂപയും സമാഹരിച്ചിട്ടുണ്ട് എന്നായിരുന്നു സി പി എം പറഞ്ഞിരുന്നത്. എന്നാൽ കേവലം 60 ലക്ഷം രൂപയോളം മാത്രമാണ് വീട് വെക്കാനും കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങൾക്കുമായി പാർട്ടി ചെലവാക്കിയിട്ടുള്ളത്. ഇതിൽ രണ്ട് കോടി എഴുപത് ലക്ഷത്തോളം രൂപ വകമാറ്റി ചെലവഴിച്ചതായി പരാതിയിൽ ആരോപിച്ചു.
ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഇരകളെ സഹായിക്കാനെന്ന പേരിൽ  നടത്തിയ പണപ്പിരിവിലൂടെ 5,30,74,779 രൂപ സിപിഎം സമാഹരിച്ചിട്ടുണ്ടെന്നും ഈ  ഫണ്ടും സുതാര്യമായ രീതിയിൽ അല്ല വിനിയോഗിക്കപ്പെട്ടത് എന്നും പരാതിയിൽ ആരോപിച്ചു. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി അംഗം എം ബാബുമോൻ, യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ ജാഫർ സാദിക്ക്, ട്രഷറർ സി കെ കുഞ്ഞിമരക്കാർ, സെക്രട്ടറി ടി പി എം സാദിക്ക്, യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷമീൽ കെ കെ സംബന്ധിച്ചു.
 

Latest News