Sorry, you need to enable JavaScript to visit this website.

കത്വ-ഉന്നാവ ഫണ്ട് തട്ടിപ്പ്: സുബൈറിനും ഫിറോസിനുമെതിരേ കേസ്

കോഴിക്കോട് - കത്വ-ഉന്നാവ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈറിനും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനുമെതിരേ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യൂത്ത്‌ലീഗ് മുൻ ദേശീയ സമിതി അംഗം യൂസഫ് പടനിലത്തിന്റെ പരാതിയിലാണ് ഐ.പി.സി 420 വകുപ്പനുസരിച്ച് വഞ്ചനാകുറ്റത്തിനു കേസെടുത്തിരിക്കുന്നത്. സി.കെ സുബൈറാണ് കേസിൽ ഒന്നാം പ്രതി.
കത്വ-ഉന്നാവ പീഡന കേസുകളിലെ ഇരകൾക്ക് നിയമസഹായം നൽകുന്നതിനു ഏകദിന ഫണ്ട് സമാഹരണം നടത്താൻ സി.കെ സുബൈർ 2018 ഏപ്രിൽ 19, 20 തീയതികളിൽ പത്രപരസ്യം നൽകുകയും പണം പിരിക്കുകയും ചെയ്തുവെന്നാണ് കേസ്. പൊതുജനങ്ങളെയും മുസ്ലിംലീഗ് പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു കോടിയോളം രൂപ സമാഹരിക്കുകയും എന്നാൽ ആ പണം ഇരകൾക്കു നൽകാതെ ദുർവിനിയോഗം നടത്തുകയും ചെയ്തു. കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് വഴിയാണ് പണം സമാഹരിച്ചത്. ഈ ഫണ്ടിൽനിന്ന് സി.കെ സുബൈറിന്റെ അറിവോടെ പി.കെ ഫിറോസ് 15 ലക്ഷം രൂപ മറ്റാവശ്യത്തിനുവേണ്ടി ഉപയോഗിച്ച് പൊതുസമൂഹത്തെ ചതിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു.

Latest News