Sorry, you need to enable JavaScript to visit this website.

നേമം മോഡൽ വിപുലീകരിക്കാൻ കോൺഗ്രസ്-ബി.ജെ.പി പദ്ധതി -എ. വിജയരാഘവൻ

കൽപറ്റ- നിയമസഭാ തെരഞ്ഞെടുപ്പിൽ 2016 ലെ നേമം മാതൃക വിപുലീകരിക്കാൻ കോൺഗ്രസും ബി.ജെ.പിയും പദ്ധതിയിട്ടതായി എൽ.ഡി.എഫ് സംസ്ഥാന കൺവീനർ എ. വിജയരാഘവൻ. പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം. നേമം മണ്ഡലത്തിൽ കോൺഗ്രസ് വോട്ടുകളാണ് 2016 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ഒ.രാജഗോപാലിന്റെ വിജയത്തിനു കാരണമായത്. പ്രത്യുപകാരമായി മറ്റു ചില മണ്ഡലങ്ങളിൽ കോൺഗ്രസിനെ ബി.ജെ.പി സഹായിച്ചു. വരുന്ന തെരഞ്ഞടുപ്പിൽ സഹകരണം സംസ്ഥാന വ്യാപകമാക്കാനാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നീക്കം. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെ വ്യക്തിപരമായും കടന്നാക്രമിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയെ വിമർശിക്കുന്നില്ല. കേന്ദ്ര സർക്കാരിനെ നോവിക്കാതെ ബി.ജെ.പി വോട്ടുകൾ പെട്ടിയിലാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടി ബന്ധം മറച്ചുവെയ്ക്കാനാണ് മറ്റുചില മത പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യം കോൺഗ്രസ് ഉയർത്തുന്നത്. 


രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലേതു പോലെ കേരളത്തിലും  കോൺഗ്രസ് ദുർബലമാവുകയാണ്. എൽ.ജെ.ഡിയും കേരള കോൺഗ്രസ്-എമ്മും മുന്നണി വിട്ടത് യു.ഡി.എഫിനെ തളർത്തി. ഇപ്പോൾ നിലനിൽപിനാണ് വർഗീയ ശക്തികളുമായി കൂട്ടുകൂടുന്നത്. കേരളത്തിലെ കോൺഗ്രസ് ബി.ജെ.പിയുടെ സഹയാത്രികരാണ്. തീവ്രഹിന്ദുത്വത്തെ ശക്തമായി എതിർക്കാനുള്ള ശേഷി കോൺഗ്രസിനു നഷ്ടമായി. കോൺഗ്രസുമായി കൂട്ടുകൂടി കേരളത്തിൽ ലാഭമുണ്ടാക്കാമെന്ന ബി.ജെ.പിയുടെ മോഹം സഫലമാകില്ല. സംസ്ഥാനത്തു ഇടതുമുന്നണി ഭരണം നിലനിർത്തും. തദ്ദേശ തെരഞ്ഞെടുപ്പിലേക്കാൾ മികച്ചതായിരിക്കും  നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയം. ഉദ്യോഗസ്ഥ തലത്തിലുണ്ടായ ചില വീഴ്ചകൾ മുന്നണിയെ ബാധിക്കില്ല. വീഴ്ചകൾ വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടല്ല സർക്കാർ സ്വീകരിച്ചത്. 


തിരുവനന്തപുരത്ത് ഒരു വിഭാഗം ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിനു മറവിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അസാധ്യമായ കാര്യത്തിനായാണ് ഉദ്യോഗാർഥി സമരം. കാലഹരണപ്പെട്ട പി.എസ്.സി റാങ്ക് പട്ടികയിൽനിന്നു നിയമനം നടത്തണമെന്ന ആവശ്യം  നിയമപരമായി അംഗീകരിക്കാനാകില്ല. ഉദ്യോഗാർഥികൾ സമരം ചെയ്യുന്നതിനടുത്ത് യൂത്ത് കോൺഗ്രസ് സമരപ്പന്തലുണ്ട്. ബി.ജെ.പിയും പന്തലിടാൻ പോകുകയാണെന്നാണ് വിവരം. കോൺഗ്രസിൽ ചേർന്ന സിനിമാതാരങ്ങളെല്ലാം തന്നെ കോൺഗ്രസുകാരാണ്. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും മറ്റും പ്രവർത്തിച്ചിരുന്നവരാണ് കോൺഗ്രസിൽ ചേരുന്നതായി പറയുന്നത്.  കോൺഗ്രസിൽ ചേരുന്നതായി രമേശ് ചെന്നിത്തല പറയുന്നതു പോലെയാണിത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കും. 11 കക്ഷികൾ ഉൾപ്പെടുന്നതാണ് എൽ.ഡി.എഫ് എല്ലാ കക്ഷികളോടും സൗഹാർദപരമായ സമീപനമാണ് ഉണ്ടാകുകയെന്നും വിജയരാഘവൻ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ കൂടെ ഉണ്ടായിരുന്നു. 

Latest News