കണ്ണൂർ- പിൻവാതിൽ നിയമനവും സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച് സി.ഐ.ടി.യു സംസ്ഥാന നേതാവ്. ലൈഫ് ഗാർഡുമാരുടെ ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ കെ.പി.സഹദേവൻ മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കുമെതിരെ ആഞ്ഞടിച്ചത്.
ഇപ്പോൾ കൂട്ട നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും നടക്കുന്ന കാലമാണല്ലോ. കടൽ തീരങ്ങളിൽ തുഛമായ വേതനത്തിന് പ്രതികൂല കാലാവസ്ഥയിലും ജീവൻ രക്ഷാദൗത്യം നിർവഹിക്കുന്ന ലൈഫ് ഗാർഡുകൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തോട് സർക്കാർ മുഖം തിരിക്കുകയാണ്. മാറി മാറി വരുന്ന സർക്കാരുകളുടെ മുന്നിൽ നിവേദനങ്ങളും പരാതികളും പ്രക്ഷോഭങ്ങളുമായി ഇക്കാര്യം അവതരിപ്പിച്ചു. എന്നിട്ടും കാര്യമുണ്ടായില്ല. ഈ സർക്കാർ വന്ന ശേഷം ചില ആനുകൂല്യങ്ങൾ നൽകി. എന്നാൽ ഇവരെ സ്ഥിരപ്പെടുത്തുന്നതിനും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി കടകംപള്ളി എന്നിവരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇനി കാര്യങ്ങൾ അനുവദിച്ചു കിട്ടാൻ ഇവരുടെ കാലുപിടിക്കണോ -സഹദേവൻ രോഷത്തോടെ ചോദിച്ചു.
ജോലി സ്ഥിരത എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. യാതൊരു അനുകുല്യങ്ങളും ലഭിക്കാതെ പ്രതികൂല കാലാവസ്ഥയിലാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിൽ പെട്ട ഈ ലൈഫ് ഗാർഡുമാർ ജോലി ചെയ്യുന്നത്. ടൂറിസം മേഖല ശക്തമായ കേരളത്തിൽ കോവളം മുതൽ കാസർകോട് വരെയുള്ള തീരദേശത്തെ ടൂറിസം ബീച്ചുകളിൽ ജീവൻ പണയം വെച്ചു ജോലി ചെയ്യുന്ന ലൈഫ് ഗാർഡുമാരുടെ ജീവിതം അരക്ഷിതാവസ്ഥയിലാണ്. സംസ്ഥാനത്തെ 21 ബീച്ചുകളിൽ കഴിഞ്ഞ 35 വർഷമായി സ്വജീവൻ പണയപ്പെടുത്തി ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡുകളുടെ തൊഴിലിനും ജീവനും യാതൊരു സുരക്ഷിതത്വവുമില്ല. കടലിൽ ഉല്ലസിക്കുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷ നൽകുന്നത് ലൈഫ് ഗാർഡുമാരാണ്.
സംസ്ഥാനതല നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തവർക്കും മത്സ്യത്തൊഴിലാളികൾക്കും നാവിക സേനയിൽ നിന്നും വിരമിച്ചവർക്കും മാത്രമേ ഈ ജോലിക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നുള്ളൂ. കഠിനമായ പരിശീലനത്തിനു ശേഷം മാത്രമേ ആളുകളെ ലൈഫ് ഗാർഡുകളായി തെരഞ്ഞെടുത്തിരുന്നുള്ളൂ. ബിച്ചുകളിൽ അപകടങ്ങൾ നിത്യസംഭവമായപ്പോൾ 1986 മുതലാണ് ടൂറിസം വകുപ്പിന്റെ കീഴിൽ ലൈഫ് ഗാർഡുകളെ നിയമിച്ചത്. അന്നു മുതൽ ഇന്നേവരെ തുഛമായ ദിവസ വേതനമില്ലാതെ ശമ്പളമോ മറ്റു നിയമപരമായ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. പത്തു വർഷമായി സ്ഥിരപ്പെടുത്തുന്ന താൽക്കാലിക ജീവനക്കാരിൽ ലൈഫ് ഗാർഡുമാരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രിയെയും ഡയറക്ടറെയും സന്ദർശിച്ച് നിവേദനം നൽകിയെങ്കിലും അംഗീകരിച്ചില്ല -സഹദേവൻ പറഞ്ഞു.