ന്യൂദൽഹി- ഈ മാസം 27ന് സുപ്രീം കോടതിയിൽ ഹാജരാകാനിരിക്കുന്ന ഹാദിയ നാളെ(ശനി)വൈകിട്ട് ആറിന് കൊച്ചി വിമാനതാവളത്തിൽനിന്ന് ദൽഹിയിലേക്ക് യാത്രതിരിക്കും. ഹാദിയയുടെ അച്ഛൻ അശോകന്റെ അഭിഭാഷകനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊച്ചിൻ വിമാനതാവള അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചതായി ദ ന്യൂസ് മിനിറ്റ് റിപോർട്ട് ചെയ്യുന്നു. സുരക്ഷ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് യാത്ര വിമാനത്തിലാക്കിയത്.
ഹാദിയയുടെ മൊഴി നേരിട്ട് കേൾക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 27ന് വൈകിട്ട് മൂന്നിന് മുമ്പ് ഹാദിയയെ സുപ്രീം കോടതിയിൽ ഹാജരാക്കുന്നത്.
ഹാദിയ കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജൻസി തങ്ങളുടെ അന്വേഷണ റിപോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, 27ന് നടക്കാനിരിക്കുന്ന സുപ്രീം കോടതി മൊഴിയെടുപ്പ് തുറന്ന കോടതിയിൽ നടത്തരുതെന്നാവശ്യപ്പെട്ട് ഹാദിയയുടെ അച്ഛൻ അശോകൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിച്ചിരുന്നില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഇനിയൊരു അപേക്ഷയും 27ന് മുമ്പ് പരിഗണിക്കില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.