ജിദ്ദ - കുടുംബ സുരക്ഷാ പദ്ധതിയിൽ നിശ്ചിത വർഷം തുടർച്ചയായി അംഗത്വം തുടരുന്നവർക്ക് ഫൈനൽ എക്‌സിറ്റ് ആനുകൂല്യം ഏർപ്പെടുത്തിയതായി ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി സുരക്ഷാ സ്‌കീമിൽ മൂന്നു വർഷം പൂർത്തിയാക്കി നാലാമത് വർഷം അംഗത്വം തുടരുന്ന അംഗങ്ങൾക്ക് ഫൈനൽ എക്‌സിറ്റ് ആനുകൂല്യമായി 10,000 രൂപയും അഞ്ചു വർഷം പൂർത്തിയാക്കി ആറാമത് വർഷം അംഗത്വം തുടരുന്ന അംഗങ്ങൾക്ക് ഫൈനൽ എക്‌സിറ്റ് ആനുകൂല്യമായി 25,000 രൂപയും നൽകും. 21 വർഷമായി തുടരുന്ന പദ്ധതിയിൽ ഇതാദ്യമായാണ് ഫൈനൽ എക്‌സിറ്റ് ആനുകൂല്യം പ്രഖ്യാപിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റു ഒട്ടേറെ ആനുകൂല്യങ്ങളും പുതിയ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാൻസർ, കിഡ്‌നി/ഡയാലിസിസ്, സ്‌ട്രോക്ക്, മജ്ജ മാറ്റിവെക്കൽ, ബൈപാസ് ശസ്ത്രക്രിയ എന്നീ ചികിത്സകൾക്ക് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50,000 (അമ്പതിനായിരം) രൂപ വരെ ചികിത്സാ സഹായമായി നൽകും. അപകടം മൂലം സ്ഥിരമായി ജോലി ചെയ്യാൻ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചാൽ മെഡിക്കൽ റിപ്പോർട്ടിന് വിധേയമായി 1,00,000 (ഒരു ലക്ഷം) രൂപയും ആഞ്ചിയോ പ്ലാസ്റ്റി ചികിത്സക്ക് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചുരുങ്ങിയത് 10,000 രൂപയും നൽകും. അംഗത്വം സാധുവായ കാലയളവിൽ നടത്തപ്പെടുന്ന 1,00,000 രൂപക്ക് മുകളിൽ ചെലവ് വരുന്ന ചികിത്സക്ക് പ്രസ്തുത ചികിത്സയുടെ മെഡിക്കൽ റിപ്പോർട്ടിന്റെയും ഹോസ്പിറ്റൽ ബില്ലിന്റെയും അടിസ്ഥാനത്തിൽ ചികിത്സാ ചെലവിന്റെ 10 ശതമാനവും മാക്‌സിമം 50,000 രൂപയുടെ സഹായവും പുതിയ വർഷത്തെ ആനുകൂല്യങ്ങളാണെന്ന് അവർ പറഞ്ഞു.
നടപ്പു വർഷത്തിന് തൊട്ടു മുമ്പുള്ള നാലോ അതിലധികമോ വർഷം തുടർച്ചയായി അംഗത്വം നിലനിർത്തിയ സ്‌കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ അഞ്ച് ലക്ഷം രൂപയും, നടപ്പു വർഷത്തിന് തൊട്ടു മുമ്പുള്ള ഒന്ന് മുതൽ മൂന്ന് വർഷം വരെ തുടർച്ചയായി അംഗത്വം നിലനിർത്തിയ സ്‌കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ മൂന്ന് ലക്ഷം രൂപയും നടപ്പു വർഷം മാത്രം അംഗത്വമുള്ള സ്‌കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ രണ്ടു ലക്ഷം രൂപയും മരണാനന്തര ആനുകൂല്യമായി നിയമപരമായ ആശ്രിതർക്ക് ലഭിക്കും. ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്ന പുതിയ പദ്ധതി കാമ്പയിൻ മാർച്ച് 31 ന് അവസാനിക്കുകയും ഏപ്രിൽ 1 ന് തുടങ്ങി മാർച്ച് 31ന് അവസാനിക്കുന്ന ഒരു വർഷത്തെ പദ്ധതിയിൽ അംഗത്വമെടുക്കുന്നതിന് 60 റിയാലാണ് അംഗത്വഫീസായി ഈടാക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
ജീവിത പ്രാരാബ്ധ നിർവഹണത്തിനിടയിൽ മണലാരണ്യത്തിൽ ജീവൻ നഷ്ടപ്പെടുന്ന സഹജീവിയുടെ ആശയറ്റ ആശ്രിതർക്ക് താങ്ങും തണലുമാവേണ്ടതിന്റെ ബോധ്യത്തിൽ നിന്ന് 2000 നവംബറിൽ അന്നത്തെ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റിയാണ് പ്രവാസ ലോകത്ത് തന്നെ ആദ്യമായി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് ലോകത്തെല്ലായിടത്തുമുള്ള കെ.എം.സി.സി ഘടകങ്ങൾക്ക് മാതൃകയായി ഈ പദ്ധതി മാറി.
അന്ന് 342 അംഗങ്ങളുമായി വെല്ലുവിളികൾ അതിജീവിച്ച് ഒരു ലക്ഷം രൂപ മരണാനന്തര സഹായവുമായി തുടങ്ങിയ പദ്ധതി 21 ാം വർഷത്തിലേക്ക് കടക്കുമ്പോൾ ജീവിച്ചിരിക്കുമ്പോഴുള്ള ചികിത്സകൾക്കും പ്രവാസ വിരാമത്തിന് ശേഷമുള്ള പെൻഷൻ ആനുകൂല്യങ്ങൾ അടക്കമുള്ള സമഗ്ര കാരുണ്യ പദ്ധതിയായി പ്രവാസ ലോകത്ത് നിലനിൽക്കുന്നതോടെപ്പം ജിദ്ദ നിവാസിയായ ഒരു മലപ്പുറം ജില്ലക്കാരൻ തുഛമായ വാർഷിക വരിസംഖ്യ നൽകി കെ.എം.സി.സി നാഷണൽ സെൻട്രൽ കമ്മിറ്റികളുടേത് ഉൾപ്പെടെ 3 പദ്ധതികളിൽ ഒരേ സമയം അംഗത്വമെടുക്കുന്നതോടെ ഇരുപത് ലക്ഷം രൂപ വരെയുള്ള ആനുകൂല്യമാണ് ലഭിക്കുന്നത്. നിരവധി കുടുംബങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ സാന്ത്വനം പരാതി രഹിതമായി ഈ പദ്ധതിയിലൂടെ നൽകാൻ കഴിഞ്ഞ ആത്മാഭിമാനത്തോടെയാണ് പുതിയ വർഷത്തേക്കുള്ള അംഗത്വ കാമ്പയിന് തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജിദ്ദയിൽ നിയമാനുസൃതം താമസിക്കുന്ന മലപ്പുറം ജില്ലക്കാർക്കാണ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള അർഹത. അംഗത്വം എടുക്കന്നതിനും കൂടുതൽ വിവരങ്ങൾക്കും ംംം.ഷശഹഹമസാരര.ശി വെബ് സന്ദർശിക്കുക.
ജിദ്ദ കെ.എം.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ബാബു നഹ്ദി (ചെയർമാൻ), ഹബീബ് കല്ലൻ (ജനറൽ സെക്രട്ടറി), ഇല്ലിയാസ് കല്ലിങ്ങൽ (ആക്റ്റിംഗ് പ്രസിഡന്റ് ചെയർമാൻ സുരക്ഷാ പദ്ധതി) മറ്റു ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫിക്കർ ഒതായി, വി.വി. അഷ്‌റഫ്, എ.കെ. അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.