കല്‍പറ്റ-ലക്കിടി ഉപവന്‍ റിസോര്‍ട്ട് വളപ്പില്‍ 2019 മാര്‍ച്ച് ആറിനു ആറിനു രാത്രി മാവോയിസ്റ്റ് സി.പി.ജലീല്‍(40) വെടിയേറ്റു മരിച്ച സംഭവത്തില്‍ വീണ്ടും മജിസ്റ്റീരിയില്‍ അന്വേഷണം നടത്തേണ്ടതുണ്ടോയെന്നു പരിശോധിച്ച് മാര്‍ച്ച് ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സെഷന്‍സ് കോടതി ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.
ജലീലിന്റെ സഹോദരന്‍ സി.പി.റഷീദ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. ജലീലിന്റെ മരണവുമായി ബന്ധപ്പെട്ടു 2019 മാര്‍ച്ച് 11നു സര്‍ക്കാര്‍ ഉത്തരവായതനുസരിച്ചു അന്നത്തെ ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നു ചൂണ്ടിക്കാട്ടിയും പുനരന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു റഷീദിന്റെ ഹരജി.
പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയ മുന്‍ ജില്ലാ കലക്ടര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍.
പോലീസ് നടത്തിയ ഗൂഢാലോചനയുടെ ഫലമായല്ല ജലീല്‍ കൊല്ലപ്പെട്ടതെന്നു സമര്‍ത്ഥിക്കുന്ന റിപ്പോര്‍ട്ടില്‍ ഫോറന്‍സിക്, ബാലിസ്റ്റിക് പരിശോധനാ ഫലം പരിഗണിച്ചില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
മാവോയിസ്റ്റുകള്‍ നിറയൊഴിച്ചപ്പോള്‍ ആത്മരക്ഷാര്‍ഥം നടത്തിയ പ്രത്യാക്രമണത്തിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വാദം. ഇതു ശരിവയ്ക്കുന്ന വിധത്തിലായിരുന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. കൊല്ലപ്പെടുന്ന സമയം ജലീലിന്റെ കൈവശമുണ്ടായിരുന്നതായി പോലീസ് പറയുന്ന തോക്കില്‍നിന്നു നിറയൊഴിഞ്ഞിട്ടില്ലെന്നും കൊല്ലപ്പെട്ടയാളുടെ വലതുകൈയില്‍നിന്നു ശേഖരിച്ച സാംപിളില്‍ വെടിമരുന്നിന്റെ അംശം ഉണ്ടായിരുന്നില്ലെന്നും വിശദമാക്കുന്നതായിരുന്നു ഫോറന്‍സിക് പരിശോധനാഫലം. ഇതിനു പിന്നാലെയാണ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു റഷീദ് കോടതിയെ സമീപിച്ചത്.
കേസില്‍ സറണ്ടര്‍ ചെയ്ത തോക്കുകള്‍ തിരികെ കിട്ടുന്നതിനു പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തോക്കുകളുടെ ഫോറന്‍സിക് പരിശോധന കഴിഞ്ഞതാണെന്നും പോലീസ് ബോധിപ്പിച്ചു. ഇതേത്തുര്‍ന്നു ജലീലിന്റെ കുടുംബം കോടതി മുഖേനയാണ് ഫോറന്‍സിക് പരിശോധനാഫലം സമ്പാദിച്ചത്.
മലപ്പുറം പാണ്ടിക്കാട് വാളരാട് ചെറുക്കപ്പള്ളി ഹംസയുടെ മകനാണ് ജലീല്‍. വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.