കൊച്ചി- എൽ.ഡി.എഫിന്റെ എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയിൽ ഐ.എൻ.എൽ നേതാവും മുൻ മാധ്യമപ്രവർത്തകനുമായ കാസിം ഇരിക്കൂർ നടത്തിയ പ്രസംഗം ഏറ്റെടുത്ത് ട്രോളർമാർ. മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടമുള്ളതുകൊണ്ടാണ് കോവിഡ് കാലത്ത് കേരളത്തിലെത്തിയതെന്ന് ഒരു ഇറ്റാലിയൻ മാധ്യമപ്രവർത്തക പറഞ്ഞെന്നും അവരുടെ അടുക്കളയിൽ ചർച്ച ചെയ്യുന്നത് പിണറായി വിജയനെ പറ്റിയാണെന്നും മാധ്യമപ്രവർത്തക പറഞ്ഞതായും കാസിം ഇരിക്കൂർ പ്രസംഗത്തിൽ അവകാശപ്പെടുന്നു. ഉത്തരാഫ്രിക്കയിൽ നിപ്പ ബാധിച്ച് ഒരു മാസം കൊണ്ട് 12000 പേർ മരിച്ചുവെന്നും കാസിം ഇരിക്കൂർ പ്രസംഗത്തിൽ പറയുന്നുണ്ട്.
'എന്റെ അടുത്തിരിക്കുന്ന പത്രപ്രവർത്തക, പരിചയപ്പെട്ടപ്പോൾ പറഞ്ഞു, ഞാൻ ഇറ്റലിയിൽ നിന്ന് വരുന്നതാണ് എന്ന്. ഞങ്ങളുടെ സോണിയാ ഗാന്ധിയെ അറിയുമോയെന്ന് ചോദിച്ചു. കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു. അവസാനം ചോദിച്ചു 'അവർക്ക് രണ്ട് മക്കളുണ്ട് അറിയുമോ?' 'ഐ ഹാവ് നോ ഐഡിയ' യാതൊരു ഐഡിയയുമില്ലെന്ന്. ഞാൻ അവരോട് ചോദിച്ചു നിങ്ങൾ എന്തിനാണ് ഈ കൊവിഡ് കാലത്ത് ഈ കേരളത്തിലേക്ക് വരുന്നത്. അപ്പോൾ അവര് പറഞ്ഞൊരു വാക്ക് 'ഐ ലൈക്‌സ് പിണറായി വിജയൻ' ഞാൻ പിണറായി വിജയനെ ഇഷ്ടപ്പെടുന്നു. ഞാൻ ചോദിച്ചു എങ്ങനെയാണ് നിങ്ങൾക്ക് കേരളത്തേക്കുറിച്ചും അതുപോലെ സഖാവ് പിണറായി വിജയന്റെ ഭരണത്തേക്കുറിച്ചുമൊക്കെ മനസിലാക്കാൻ സാധിച്ചത്? അപ്പോൾ പറഞ്ഞു, ഞങ്ങൾ ഇറ്റലിയിലെ അടുക്കളയിൽ പോലും കേരളം ചർച്ച ചെയ്യുന്നുണ്ട്. ഒരു വാക്ക് അവർ ഉപയോഗിച്ചു. സഖാവ് പിണറായി വിജയൻ ഈസ് ദി മോസ്റ്റ് കോംപറ്റീറ്റന്റ് കമ്മ്യൂണിസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ ഓൺ എർത്ത്. ഈ കാലഘട്ടത്തിൽ, ഈ ലോകത്തുള്ള കമ്മ്യൂണിസ്റ്റ് ഭരണാധികാരികളിൽ ഏറ്റവും പ്രാപ്തനായ മനുഷ്യനാണ് ഇദ്ദേഹം
അനറ്റോലിയ എന്ന തുർക്കിയുടെ ന്യൂസ് ഏജൻസിയുടെ ബ്യൂറോ ചീഫ് എന്റെ സുഹൃത്താണ്. സൗദി അറേബ്യയിൽ നിന്ന് പരിചയപ്പെട്ടാണ്. അദ്ദേഹം ഒരു ദിവസം വിളിച്ച് എന്നോട് ചോദിച്ചു, നിങ്ങളുടെ മുഖ്യമന്ത്രി ബുദ്ധമത വിശ്വാസിയാണോ എന്ന്. ഞാൻ അത്ഭുതപ്പെട്ടുപോയി ആ ചോദ്യം കേട്ടിട്ട്. എന്താണ്. അപ്പോൾ പറഞ്ഞു, ആ കൊവിഡ് കാലഘട്ടത്തിൽ മനുഷ്യരെ ഭക്ഷിപ്പിക്കണമെന്ന് പറഞ്ഞ കൂട്ടത്തിൽ കുരങ്ങൻമാരേയും അതുപോലെ തെരുവ് പട്ടികൾക്കും ഭക്ഷിക്കാൻ കൊടുക്കണമെന്ന് പറഞ്ഞ ഒരു ഭരണാധികാരി അടുത്ത കാലഘട്ടത്തിലൊന്നും ലോകത്തിലുണ്ടായിട്ടില്ല. മനുഷ്യൻ മാത്രമല്ല, എല്ലാ ജന്തുജാലങ്ങളേയും കുറിച്ച് ആ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു എന്നത് ചെറിയ കാര്യമല്ലെന്നും കാസിം ഇരിക്കൂർ പ്രസംഗത്തിൽ വ്യക്തമാക്കി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഐ.എൻ.എലിന് അനുവദിക്കുന്ന സീറ്റിൽ മത്സരിക്കാൻ കാസിം ഇരിക്കൂർ തയ്യാറെടുക്കുന്നുണ്ട്.