കൊച്ചി - ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് ഇന്നലെ മുതൽ നിർബന്ധമാക്കി. ഇതില്ലാത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസ കടന്ന് കിട്ടാൻ ഇരട്ടി തുക നൽകേണ്ടി വരും.
നേരത്തെ ഫാസ് ടാഗ് എടുക്കാത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസയിൽ അനുവദിച്ചിട്ടുള്ള ഏത് ഇടനാഴിയിലൂടെ വേണമെങ്കിലും കടന്ന് പോകാമായിരുന്നെങ്കിലും ഇരട്ടി തുക നൽകേണ്ടി വരുമെന്ന് മാത്രം. ഫാസ് ടാഗ് എടുക്കാത്ത വാഹനങ്ങൾക്കായി ഈ മാസം 15 വരെ ഒരു ഇടനാഴി അനുവദിച്ചിരുന്നു. 15 മുതൽ നിർബന്ധമാക്കിയതോടെ ഈ സൗകര്യം ഇല്ലാതായി. ചരക്ക് വാഹനങ്ങളെന്നോ യാത്രാ വാഹനങ്ങളെന്നോ ഉള്ള വേർതിരിവില്ലാതെ എല്ലാ വാഹനങ്ങൾക്കും ഫാസ് ടാഗ് നിർബന്ധമാണ്. മൂന്ന് പ്രാവശ്യമായി നീട്ടി കൊടുത്ത സൗകര്യമാണ് എടുത്ത് കളഞ്ഞത്. 2019 ജനുവരി ഒന്നു മുതലാണ് ഫാസ് ടാഗ് സംവിധാനം ആരംഭിച്ചതെങ്കിലും, പിന്നീട് ഡിസംബർ ഒന്ന് വരേയും, ജനുവരി ഒന്ന് വരേയും നീട്ടി കൊടുത്തത് 2021 ജനുവരി ഒന്നിന് നിർബന്ധമാക്കിയിരുന്നെങ്കിലും പിന്നിട് ഫെബ്രുവരി 15 വരെ നീട്ടി നൽകുകയായിരുന്നു.