തിരുവനന്തപുരം- സി.എ.എക്കെതിരായ ഹർത്താലിനെ പിന്തുണച്ച സാംസ്‌കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തതിലൂടെ പൗരത്വ പ്രക്ഷോഭത്തെ ഒറ്റിക്കൊടുക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും ഇതിന് കേരള ജനത മാപ്പുനൽകില്ലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു.
പൗരത്വ പ്രക്ഷോഭത്തെ മലയാളക്കര ഏറ്റെടുത്തത് സംയുക്ത സമിതി നടത്തിയ ജനകീയ ഹർത്താലോടുകൂടിയായിരുന്നു.
പൗരത്വ പ്രക്ഷോഭം ജനകീയമായി പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ സംഘ്പരിവാർ താൽപര്യം സംരക്ഷിക്കുന്നതിന്, പൗരത്വ നിഷേധത്തിന് വിധേയമാക്കപ്പെടുന്ന സാമൂഹ്യ സംഘടനകളെ സർക്കാർ സ്‌പോൺസേഡ് സമരങ്ങളിൽനിന്ന് മാറ്റിനിർത്തി വിവേചനം കാണിച്ചും പൗരത്വ പ്രക്ഷോഭത്തിൽ മുസ്‌ലിം തീവ്രവാദികളാണെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോഡിക്ക് മരുന്നിട്ട് കൊടുത്തും സഖാവ് പിണറായി വിജയൻ തന്റെ മോഡി വിധേയത്വം ഉറക്കെ പ്രഖ്യാപിച്ചിരുന്നു -അദ്ദേഹം പറഞ്ഞു.
സമരങ്ങളും പ്രക്ഷോഭങ്ങളും നയിക്കാനും ആർക്കാണ് മതേതര പട്ടം നൽകേണ്ടതെന്ന് തീരുമാനിക്കാനും അധികാരം തങ്ങൾക്കാണെന്ന ജനാധിപത്യ വിരുദ്ധ നിലപാടായിരുന്നല്ലോ 'ദി ഗ്രേറ്റ് ഇന്ത്യൻ സി.പി.എം' നുള്ളതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
ഇടത്-വലത് സമര ഗിമ്മിക്കുകൾ കൊണ്ടോ ചട്ടപ്പടി സമരങ്ങൾ കൊണ്ടോ അവസാനിക്കേണ്ടതല്ല പൗരത്വ പ്രക്ഷോഭമെന്ന ബോധ്യമാണ് അരികുവത്കരിക്കപ്പെട്ട ജനതയോടും അവരുയർത്തുന്ന പ്രതിരോധങ്ങളോടും ഐക്യദാർഢ്യപ്പെടുന്ന കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കളുടെ പിന്തുണയോടെയും വർധിച്ച ജനകീയ പങ്കാളിത്തത്തോടെയും നടന്ന 2019 ഡിസംബർ 17 ലെ ജനകീയ ഹർത്താൽ.
ജനകീയ ഹർത്താലാണ് കേരളത്തിലെ പൗരത്വ പ്രക്ഷോഭങ്ങൾക്ക് ഊർജം നൽകിയത്. പിണറായി വിജയന്റെ പോലീസിന്റെയും സംഘ്പരിവാറിന്റെയും സി.പി.എമ്മിന്റെയും ഭീഷണികളെ മറികടന്നാണ് സ്ത്രീകളും കുട്ടികളും വിദ്യാർഥികളുമുൾപ്പെടെ ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തുവന്നത്. ഹർത്താൽ ദിനത്തിലും തലേന്നും അവർ അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസിന്റെ മൃഗീയമായ പീഡനങ്ങളും മർദനങ്ങളും ഏറ്റുവാങ്ങി.
പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുസർക്കാർ ഒഴികെ കേരളം സി.എ.എക്കെതിരായ സമരമുന്നണിയിൽ പ്രക്ഷോഭകർക്കൊപ്പമുണ്ട്.
സി.എ.എ നടപ്പാക്കില്ല എന്ന് ഗിരിപ്രഭാഷണം നടത്തുകയും പ്രക്ഷോഭകർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് നിയമസഭയിൽ പറയുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര മന്ത്രാലയം സി.എ.എ സമര പ്രക്ഷോഭത്തിന്റെ ഭാഗമായി 500 ലേറെ കേസുകൾ എടുത്തിട്ടുണ്ടെന്ന വിവരാവകാശ രേഖകൾ പുത്തുവന്നിരിക്കുന്നു. ഇപ്പോൾ, ഹർത്താലിനെ അനുകൂലിച്ച കേരളത്തിലെ സാമൂഹിക-സംസ്‌കാരിക നേതാക്കൾക്കെതിരെ കേസെടുത്ത് സമൻസ് അയച്ചിരിക്കുന്നു. ഇതു വഴി പിണറായി വിജയൻ പൗരത്വ പ്രക്ഷോഭത്തെ ഒറ്റികൊടുക്കുകയാണെന്നും ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുന്നുണ്ടെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.