Sorry, you need to enable JavaScript to visit this website.

ഈ ഷെഡ്യൂൾ അൽപ്പം കടുപ്പം; ബി.സി.സി.ഐക്കെതിരെ കോഹ്‌ലി

നാഗ്പൂർ- പരമ്പരകൾക്കുപിന്നാലെ പരമ്പരകളായി ഇടതടവില്ലാതെ മത്സരങ്ങൾ ഉൾപ്പെടുത്തിയുള്ള ബി.സി.സി.ഐ ഷെഡ്യൂളിൽ പ്രതിഷേധമറിയിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ശ്രീലങ്കക്കെതിരായ പരമ്പര കഴിഞ്ഞയുടൻ ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടവിധം മത്സരങ്ങൾ ക്രമീകരിച്ചതിനെതിരെയാണ് കോഹ്‌ലി രൂക്ഷമായി പ്രതികരിച്ചത്. ശ്രീലങ്കക്കെതിരെ ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുവേണ്ടി നാഗ്പൂരിൽ ബൗൺസി പിച്ച് ഒരുക്കിയതിനെക്കുറിച്ച് മത്സരത്തിനുമുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ക്യാപ്റ്റൻ.
ഇപ്പോഴത്തെ മത്സരക്രമമനുസരിച്ച് ദക്ഷിണാഫ്രിക്കൻ പര്യടനം മുന്നിൽ കണ്ട് വേണ്ടത്ര തയാറെടുപ്പുകൾ നടത്താനുള്ള സമയമില്ലെന്നും അപ്പോൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യേണ്ടിവരുന്നുവെന്നും കോഹ്‌ലി പറഞ്ഞു.
ശ്രീലങ്കയുമായുള്ള പരമ്പര അവസാനിക്കുന്നത് ഡിസംബർ 24നാണ്. ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത് ഡിസംബർ 27നും. അവിടെ മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. 
ഇപ്പോഴത്തെ പരമ്പരക്കുശേഷം ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ നിർഭാഗ്യവശാൽ രണ്ട് ദിവസമേ കിട്ടുന്നുള്ളു. അതുകൊണ്ട് നമുക്ക് മുന്നിലുള്ള സാഹചര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. ഒരു മാസത്തെ ഇടവേള കിട്ടിയിരുന്നെങ്കിൽ തയാറെടുപ്പുകൾക്കായി പ്രത്യേക ക്യാമ്പ് നടത്താനും, വേണ്ട കാര്യങ്ങൾ ചെയ്യാനും കഴിയുമായിരുന്നുവെന്നും ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി.
ടെസ്റ്റ് മത്സരങ്ങളുടെ ഫലം വരുമ്പോഴേക്കും കളിക്കാരെക്കുറിച്ച് ഓരോരുത്തരും വിധി പറയാൻ തുടങ്ങും. ആവശ്യത്തിന് തയാറെടുപ്പുകൾക്ക് സാവകാശം നൽകിയശേഷമാണ് ഇങ്ങനെ വിമർശിക്കുന്നതെങ്കിൽ അതിൽ കാര്യമുണ്ടെന്ന് കോഹ്‌ലി പറഞ്ഞു.
കോഹ്‌ലിയുടെ അഭിപ്രായം ബി.സി.സി.ഐ ഗൗരവത്തിലെടുക്കുമെന്ന് ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന പറഞ്ഞു. വിരാട് ഇന്ത്യൻ ക്യാപ്റ്റനാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കണം. ടീമിന്റെ ഇപ്പോഴത്തെ പ്രകടനം നമുക്കെല്ലാം അഭിമാനം നൽകുന്നതാണ്. എന്നാൽ കളിക്കാർ തളർന്നുപോകുന്നുണ്ടെങ്കിൽ അക്കാര്യം വിശാലമായി കണക്കിലെടുക്കണം. ഡിസംബർ ഒമ്പതിന് നടക്കുന്ന ബി.സി.സി.ഐയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിൽ ഇക്കാര്യം അജണ്ടയായി ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ പ്രധാന പരമ്പരകൾക്കുമുമ്പും ടീമിന് ആവശ്യമായ വിശ്രമത്തിനും തയാറെടുപ്പിനും അവസരം കിട്ടേണ്ടതാവശ്യമാണെന്ന് കോഹ്‌ലി തുടർന്നു. ഇപ്പോഴത്ത ഷെഡ്യൂൾ വളരെ തിക്കിത്തിരക്കിയുള്ളതാണ്. വിദേശത്ത് ടീമിന്റെ പ്രകടനം വളരെ വേഗം വിലയിരുത്തപ്പെടും. എന്നാൽ അതിനുമുമ്പ് തയാറെടുപ്പ് നടത്താൻ ടീമിന് എത്ര ദിവസം കിട്ടിയെന്ന് ആരും കണക്കിലെടുക്കില്ലെന്ന് ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഐ.പി.എൽ സീസണിനുശേഷം ഇന്ത്യൻ കളിക്കാർക്ക് നോൺ സ്റ്റോപ് ക്രിക്കറ്റാണ്. ഐ.പി.എൽ കഴിഞ്ഞയുടൻ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി. അതുകഴിഞ്ഞയുടൻ, വെസ്റ്റിൻഡിലേക്കും ശ്രീലങ്കയിലേക്കും പര്യടനങ്ങൾ. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ശ്രീലങ്ക ടീമുകൾ ഇന്ത്യയിലേക്ക്. മൊത്തം 23 മത്സരങ്ങളാണ് ഇക്കാലയളവിൽ ഇന്ത്യൻ ടീം കളിച്ചത്. മൂന്ന് ടെസ്റ്റുകളും, 11 ഏകദിനങ്ങളും, ഒമ്പത് ട്വന്റി20കളും.
 

Latest News