തിരുവനന്തപുരം- കേരളത്തില്‍ കോവിഡ് ബാധിച്ചവരുടെ മൊത്തം എണ്ണം പത്ത് ലക്ഷം കവിഞ്ഞതോടെ നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രത്തിന്‍റെ നിർദേശം. ചൊവ്വാഴ്ച 4837 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതവരെ രോഗം ബാധിച്ചവരുടെ എണ്ണം 10,07,671 ആയി. 5439 പേര്‍ പുതുതായി രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയിലുള്ളവര്‍ 60,761 ആണ്. ഇതുവരെ 9,46,910 രോഗമുക്തി നേടി.
അതിനിടെ, കേരളത്തിൽ നിന്ന് കർണാടകയിലേക്ക് എത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ ഉത്തരവിറക്കി. 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
കോളേജുകളിലേക്കും ഹോസ്റ്റലുകളിലേക്കും വരുന്നവർക്കും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കായി വരുന്നവർക്കും ഉത്തരവ് ബാധകമാണ്. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാനും സർട്ടിഫിക്കറ്റ് വേണം. സ്ഥിരമായി പോയി വരുന്നവർ സ്വന്തം ചിലവിൽ കോവിഡ് പരിശോധന നടത്തണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.