ദുബായ്-സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും പോകാനെത്തി യു.എ.ഇയില്‍ കുടുങ്ങിയവരില്‍ അര്‍ഹരായവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ടിക്കറ്റെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് മാത്രമാണ് സൗജന്യ ടിക്കറ്റ് നല്‍കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയും കുവൈത്തും വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വൈകാതെ നീക്കുമെന്ന പ്രതീക്ഷയില്‍ നിരവധി മലയാളികള്‍ യു.എ.ഇയില്‍തന്നെ തങ്ങുന്നുണ്ട്.
വിവിധ സാമൂഹിക സംഘടനകള്‍, അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കോണ്‍സുലേറ്റ് വക്താവ് പറഞ്ഞു.
സൗദി, കുവൈത്ത് യാത്രാ മധ്യേ, യു.എ.ഇയില്‍ കുടുങ്ങിവയര്‍ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് ഉചിതമെന്ന് ഇന്ത്യന്‍ എംബസി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
മലയാളികളില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിട്ടുണ്ട്.