റിയാദ് - അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. ചൊവ്വ രാവിലെയാണ് സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് എയർപോർട്ടിൽ ആക്രമണം നടത്താൻ ഹൂത്തികൾ ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തൊട്ടുമുമ്പ് ഡ്രോൺ സഖ്യസേന വെടിവെച്ചിട്ടു. തകർന്ന ഡ്രോൺ ഭാഗങ്ങൾ എയർപോർട്ട് കോംപൗണ്ടിൽ പതിച്ചെങ്കിലും ആർക്കെങ്കിലും പരിക്കോ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു.
ഈ മാസം പത്തിന് അബഹ എയർപോർട്ടിൽ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വിമാനങ്ങളിൽ ഒന്ന് കത്തിയിരുന്നു. ഇതിനു ശേഷം ഈ മാസം പതിമൂന്നിനും അബഹ എയർപോർട്ടിനു നേരെ ഹൂത്തികൾ ആക്രമണത്തിന് ശ്രമിച്ചിരുന്നു. അന്ന് അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്തുവിട്ട ഡ്രോൺ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന കണ്ടെത്തി വെടിവെച്ചിടുകയായിരുന്നു.
അതേസമയം, വൈദേശിക ആക്രമണങ്ങളിൽ നിന്ന് സ്വന്തം താൽപര്യങ്ങൾക്ക് പ്രതിരോധം തീർക്കാൻ സൗദി അറേബ്യക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു. ഹൂത്തി മിലീഷ്യകൾ ഭീകര സംഘടനയാണ്. ഈ അടിസ്ഥാനത്തിലാണ് ഹൂത്തികളെ സൗദി അറേബ്യ കൈകാര്യം ചെയ്യുന്നത്.
യെമനിലേക്കുള്ള പ്രത്യേക യു.എസ് ദൂതനും യു.എൻ ദൂതനും യെമൻ സംഘർഷത്തിന് പരിഹാരം കാണാൻ ശ്രമിച്ചുവരികയാണ്. യെമനിൽ വിനാശകരമായ പങ്കാണ് ഇറാൻ വഹിക്കുന്നത്. യെമനികൾ പരസ്പര ധാരണയിലെത്തി മാത്രമേ യെമൻ സംഘർഷത്തിന് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. ഇത് നയതന്ത്ര മാർഗത്തിൽ മാത്രമേ സാധ്യമാവുകയുള്ളൂവെന്നും അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു.
ജോ ബൈഡൻ ഭരണകൂടം ഹൂത്തി നേതാക്കളെ വിശ്വസിക്കുന്നില്ലെന്ന് അമേരിക്കൻ വിദേശ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നിരുന്നാലും യെമനിൽ യുദ്ധം അവസാനിപ്പിക്കാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചുവരികയാണെന്നും വിദേശ മന്ത്രാലയം പറഞ്ഞു. ഹൂത്തി നേതാക്കളെ വിശ്വസിക്കാൻ കഴിയില്ല. മേഖലയിൽ അമേരിക്കയുടെ പങ്കാളികളായ രാജ്യങ്ങൾക്കെതിരെ അടക്കം ഹൂത്തികൾ ആക്രമണങ്ങളും പ്രകോപനങ്ങളും തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ ഹൂത്തികൾക്കു മേലുള്ള സമ്മർദം അമേരിക്ക ശക്തമാക്കും. ഹൂത്തികളുടെ നീചമായ ആക്രമണങ്ങൾ ചെറുക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്.
എന്നാൽ ഇതേസമയം തന്നെ, യെമൻ സംഘർഷത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്ന് അമേരിക്ക കരുതുന്നു. നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ സമാധാനവും സ്ഥിരതയുമുണ്ടാക്കാനും യെമൻ ജനതയുടെ ദുരിതം ലഘൂകരിക്കാനും സാധിക്കുകയുള്ളൂവെന്നും അമേരിക്കൻ വിദേശ മന്ത്രാലയം പറഞ്ഞു.