തിരുവനന്തപുരം- രാജ്യാന്തര ഫിലിം ഫെസ്റ്റിവെൽ(ഐ.എഫ്.എഫ്.കെ) ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കിയെന്ന് ആരോപണം. ചടങ്ങിൽ തിരിതെളിക്കുന്ന 25 പുരസ്‌കാര ജേതാക്കളുടെ ഒപ്പം സലിംകുമാറില്ല. എറണാകുളം ജില്ലയിലെ അക്കാദമി അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് ചടങ്ങിൽ തിരി തെളിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ സാഹചര്യത്തിൽ മൂന്ന് അക്കാദമി അവാർഡുകളും ടെലിവിഷൻ അവാർഡും കേന്ദ്ര പുരസ്‌കാരവും നേടിയിട്ടുള്ള തന്നെയും ക്ഷണിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് സലീം കുമാർ പറഞ്ഞു.
പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിംകുമാർ പ്രതികരിച്ചു. തനിക്ക് 90 വയസായിട്ടില്ല. അമൽ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണ്. അവരേക്കാൾ രണ്ടോ മൂന്നോ വയസാണ് തനിക്ക് കൂടുതൽ. രാഷ്ട്രീയമാണ് കാരണമെന്നും സി.പി.എം മേളയിൽ കോൺഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിംകുമാർ പറഞ്ഞു. അതേസമയം, ആരെയും ഒഴിവാക്കിയിട്ടില്ലെന്നും വിളിക്കാൻ വൈകിയതാകുമെന്നും സലീം കുമാർ വ്യക്തമാക്കി.