റിയാദ് - സൗദിയില്‍ അഞ്ചു പ്രവിശ്യകളില്‍ എട്ടു മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം അടച്ചു. ഈ പള്ളികളില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്ത ഒമ്പതു പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ഇതോടെ എട്ടു ദിവസത്തിനിടെ രാജ്യത്ത് അടച്ച മസ്ജിദുകളുടെ എണ്ണം 70 ആയി. ഇതില്‍ 57 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് വീണ്ടും തുറന്നു.
റിയാദ് അല്‍റഹ്മാനിയ ഡിസ്ട്രിക്ടില്‍ ഒരു ജുമാമസ്ജിദും ഹുതൈന്‍, അല്‍ശിഫാ ഡിസ്ട്രിക്ടുകളില്‍ ഓരോ മസ്ജിദ് വീതവും മുസാഹ്മിയയില്‍ ഒരു പള്ളിയും അടക്കം റിയാദ് പ്രവിശ്യയില്‍ നാലു മസ്ജിദുകളാണ് തിങ്കളാഴ്ച അടച്ചത്. മദീന പ്രവിശ്യയില്‍ ഒരു മസ്ജിദും തബൂക്ക് പ്രവിശ്യയില്‍ പെട്ട അല്‍വജില്‍ ഒരു മസ്ജിദും കിഴക്കന്‍ പ്രവിശ്യയിലെ അല്‍കോബാറില്‍ ഒരു പള്ളിയും അല്‍ബാഹ പ്രവിശ്യയിലെ ബല്‍ജുറശിയില്‍ ഒരു മസ്ജിദും ഇന്നലെ അടച്ചു. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി അഞ്ചു മസ്ജിദുകള്‍ ഇന്ന് തുറന്നു. ഇതില്‍ നാലെണ്ണം റിയാദ് പ്രവിശ്യയിലും ഒന്ന് ഉത്തര അതിര്‍ത്തി പ്രവിശ്യയിലുമാണ്.
മുന്‍കരുതല്‍ നടപടികളും പ്രോട്ടോകോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഒരാഴ്ചക്കിടെ രാജ്യത്തെ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും ഇസ്‌ലാമികകാര്യ മന്ത്രാലയം 21,506 ഫീല്‍ഡ് പരിശോധനകള്‍ നടത്തി. ഇതോടെ രണ്ടാഴ്ചക്കിടെ പള്ളികളില്‍ മന്ത്രാലയം നടത്തിയ ഫീല്‍ഡ് പരിശോധനകളുടെ എണ്ണം 34,722 ആയി. ഈയാഴ്ച രാജ്യത്തെ മസ്ജിദുകളില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 303 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. മാസ്‌കുകള്‍ ധരിക്കാതിരിക്കല്‍, സ്വന്തം നമസ്‌കാര പടം കൈയില്‍ കരുതാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, നമസ്‌കാര സമയവും പള്ളികള്‍ തുറക്കുന്നതിന് നിശ്ചയിച്ച സമയവും പാലിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. മുന്‍കരുതല്‍ നടപടികള്‍ ബാധകമാക്കുന്നതില്‍ 1,282 മസ്ജിദുകളുടെ ഭാഗത്ത് അലംഭാവമുള്ളതായും പരിശോധനകളില്‍ കണ്ടെത്തി. ഇവക്ക് ഉടനടി പരിഹാരം കണ്ടതായി ഇസ്‌ലാമികകാര്യ മന്ത്രാലയം പറഞ്ഞു.