Sorry, you need to enable JavaScript to visit this website.

സി.എ.എ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ  കേസുകൾ പിൻവലിക്കണം -മുസ്‌ലിം ലീഗ് 

മലപ്പുറം - പൗരത്വ നിയമത്തിനെതിരെ നടത്തിയ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ സംസ്ഥാന പോലീസ് എടുത്ത കേസുകൾ പിൻവലിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. സി.എ.എ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായി വിജയൻ സി.എ.എ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിച്ച് ആത്മാർത്ഥത തെളിയിക്കണമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു. 
രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന യു.പി സർക്കാർ കഴിഞ്ഞാൽ സി.എ.എ വിരുദ്ധ സമരങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ കേസ് എടുത്തിട്ടുള്ളത് കേരളത്തിലെ സർക്കാരാണ്. 519 പേർക്കെതിരെ നിലനിൽക്കുന്ന കേസുകളുടെ കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് പറയണം. വരാനിരിക്കുന്ന നിയമസഭ, രാജ്യസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ പ്രവർത്തക സമിതി ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പി.എസ.്‌സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ച് സംസ്ഥാന സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനയിലൂടെ വിലക്കയറ്റം ദുസ്സഹമായിരിക്കുന്നു. ജനദ്രോഹവും കർഷക ദ്രോഹവും കൈമുതലാക്കിയ കേന്ദ്ര ഭരണകൂടം പെട്രോൾ, ഡീസൽ വില നിയന്ത്രിക്കാനും കുറക്കാനും തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.   
യോഗത്തിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, ട്രഷറർ പി.വി. അബ്ദുൽ വഹാബ്, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ എന്നിവർ പങ്കെടുത്തു. 

Latest News