Sorry, you need to enable JavaScript to visit this website.

വിജയമന്ത്രങ്ങൾ / ഉത്തരവാദിത്തം വിസ്മരിക്കാതെ വിജയത്തിലേക്ക് കുതിക്കുക

നമുക്കോരോരുത്തർക്കും ജീവിതത്തിൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളുണ്ട്.  ഈ ഉത്തരവാദിത്തങ്ങളുടെ ആത്മാർഥമായ നിർവഹണമാണ് വിജയത്തിലെത്തിക്കുക. പലപ്പോഴും ഉത്തരവാദിത്തങ്ങൾ വിസ്മരിച്ച് അവകാശങ്ങളുടെ പിന്നാലെ പോകുന്നതാണ് പലരെയും ജീവിതത്തിലും കരിയറിലുമൊക്കെ പരാജയപ്പെടുത്തുന്നത്. നിങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുന്നതാണ് നിങ്ങളുടെ സൗന്ദര്യമെന്നാണ് ഇംഗഌഷുകാർ പറയാറുള്ളത്. അവരവരുടെ കർത്തവ്യങ്ങൾ സന്തോഷപൂർവം അനുഷ്ഠിക്കുമ്പോൾ വിജയവും സമാധാനവുമൊക്കെ സ്വാഭാവികമായി സംഭവിക്കും.
ഉയർച്ചക്ക് ഒരു വഴിയേയുള്ളൂ: അത്, നമ്മുടെ അടുത്തെത്തിയ കർത്തവ്യം നിർവഹിച്ചു ശക്തിയാർജിച്ചുകൊണ്ട് അത്യുന്നത പഥത്തിലെത്തുന്നതു വരെ മുന്നോട്ടു പോവുകയാകുന്നു എന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞുവെച്ചത്. 
ഉത്തരവാദിത്തങ്ങളും ബാധ്യതകളും സംബന്ധിച്ച ജാഗ്രത ലക്ഷ്യബോധത്തിലേക്കും കർമ സാഫല്യത്തിലേക്കുമാണ് നയിക്കുക. ഈ മുന്നേറ്റത്തിൽ വിനയവും ലാളിത്യവുമാണ് കൈമുതലാക്കേണ്ടത്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രീതിയിൽ ചെയ്യുമ്പോൾ വിജയിക്കാതിരിക്കില്ല.   


ഐതിഹ്യമാലയിൽ വായിച്ച ഒരു കഥ ഇങ്ങനെ സംഗ്രഹിക്കാമെന്നു തോന്നുന്നു. ഒരിക്കൽ ഒരു യുവ സന്ന്യാസി വനത്തിൽ പോയി അവിടെയിരുന്ന് ധ്യാനപൂജാദികൾ നടത്തുകയും ദീർഘകാലം യോഗം അഭ്യസിക്കുകയും ചെയ്തു. അനേക സംവത്സരക്കാലത്തെ കഠിന പ്രയത്നത്തിനും അഭ്യാസത്തിനും ശേഷം, ഒരു ദിവസം അയാൾ ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. കുറെ ഉണങ്ങിയ ഇലകൾ അയാളുടെ തലയിൽ വന്നുവീണു. മേൽപോട്ടു നോക്കിയപ്പോൾ വൃക്ഷാഗ്രത്തിൽ ഒരു കാക്കയും കൊക്കും തമ്മിൽ പൊരുതുന്നത് കണ്ടു. 
അയാൾക്കു കോപം വന്നു.  'എന്ത്, എന്റെ തലയിൽ ഉണക്കയിലകൾ വീഴ്ത്തുവാൻ നിങ്ങൾക്കു ധൈര്യം വന്നോ?' എന്നു പറഞ്ഞുകൊണ്ട് അയാൾ ആ പക്ഷികളെ ക്രോധത്തോടെ നോക്കിയത്രേ. അപ്പോൾ, അയാളുടെ ശിരസ്സിൽനിന്ന് ഒരു അഗ്നിജ്വാല പുറപ്പെട്ടു ചെന്ന് ആ പക്ഷികളെ ദഹിപ്പിച്ചു. അയാളുടെ യോഗശക്തി അത്രക്കുണ്ടായിരുന്നു. യോഗശക്തിയുടെ ഈ പൗഷ്‌കല്യത്തിൽ  ഒരു നോട്ടം കൊണ്ട് കാക്കയെയും കൊക്കിനെയും ഭസ്മീകരിക്കാൻ തനിക്കു കഴിഞ്ഞില്ലേ!  അയാൾ സന്തുഷ്ടനായി, ആഹ്ലാദത്താൽ ഏതാണ്ടു മതിമറന്നു.


കുറച്ചു കഴിഞ്ഞ് ഭിക്ഷയെടുക്കുവാൻ അയാൾക്ക് നഗരത്തിലേക്കു പോകേണ്ടിയിരുന്നു. അവിടെ ചെന്ന് ഒരു വീട്ടിനു പുറത്തുനിന്ന് 'ഭവതി, ഭിക്ഷാംദേഹി' എന്നു പറഞ്ഞു. 'കുറച്ചു നിൽക്കൂ മകനേ' എന്ന് വീട്ടിനുള്ളിൽനിന്നും മറുപടി കിട്ടി. 'എടീ നീചേ, നീ എന്നെ നിറുത്തിത്താമസിപ്പിക്കയോ! എന്റെ ശക്തി നീ അറിഞ്ഞിട്ടില്ല,' എന്നിങ്ങനെ ആ യുവയോഗി തന്നത്താൻ വിചാരിച്ചു. ഈ വിചാരം അയാളുടെ ഉള്ളിൽ കൂടി കടന്നുപോകുന്നതിനിടയിൽ വീട്ടിനുള്ളിൽനിന്ന് ശബ്ദം വീണ്ടും കേൾക്കാറായി; 'കുഞ്ഞേ, നീ വലിയ കേമനായിപ്പോയെന്നു തന്നത്താൻ വിചാരിക്കരുത്. ഇവിടെ കാക്കയും കൊക്കും ഒന്നുമില്ല.' അയാൾ ആശ്ചര്യപ്പെട്ടു: പിന്നെയും കാത്തുനിന്നു. ഒടുവിൽ സ്ത്രീ പുറത്തേക്കു വന്നു. അയാൾ അവരുടെ കാൽക്കൽ വീണു നമസ്‌കരിച്ചുകൊണ്ട്, 'അമ്മേ, നിങ്ങൾ അതെങ്ങനെ അറിഞ്ഞു' എന്നു ചോദിച്ചു. അവർ മറുപടി പറഞ്ഞു; 'കുട്ടീ, എനിക്കു നിന്റെ യോഗമോ അഭ്യാസമോ ഒന്നും അറിഞ്ഞുകൂടാ. ഞാൻ ഒരു സാധാരണ സ്ത്രീ. എന്റെ ഭർത്താവിനു സുഖമില്ല. ഞാൻ അദ്ദേഹത്തെ പരിചരിക്കയായിരുന്നു. അതു കൊണ്ടാണ് നിന്നോട് അൽപം കാത്തുനിൽക്കാൻ പറഞ്ഞത്. ജീവിത കാലം മുഴുവൻ എന്റെ കർത്തവ്യങ്ങൾ നിറവേറ്റുവാൻ ഞാൻ പണിപ്പെട്ടു യത്‌നിച്ചിട്ടുണ്ട്. വിവാഹിതയാകുന്നതിനു മുമ്പ് ഞാൻ മാതാപിതാക്കളോടുള്ള കർത്തവ്യം നിർവഹിക്കുകയുണ്ടായി. ഇപ്പോൾ വിവാഹിതയായിരിക്കേ, ഞാൻ എന്റെ ഭർത്താവിനോടുള്ളു ധർമം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ഞാൻ അഭ്യസിക്കുന്ന യോഗം ഇതു മാത്രമാണ്. എന്നാൽ ഈ ധർമാനുഷ്ഠാനം മുഖേന ഞാൻ പ്രബുദ്ധയായിരിക്കുന്നു. അതിനാൽ നീ ഉള്ളിൽ വിചാരിച്ചതും കാട്ടിൽവെച്ചു ചെയ്തതും എനിക്കറിയാൻ കഴിഞ്ഞു.
എന്നാൽ ഇതിലും ഉപരിയായി എന്തെങ്കിലും നിനക്കറിയണമെന്നുണ്ടെങ്കിൽ മിഥിലാനഗരിയിൽ ചെല്ലുക: അവിടെ ചന്തയിൽ നീ ഒരു വ്യാധനെക്കാണും. നീ അറിയാൻ ആഗ്രഹിക്കുന്ന ചിലതെല്ലാം അയാൾ പറഞ്ഞുതരും.'


'ഞാൻ എന്തിന് ആ നഗരത്തിൽ പോകുന്നു, അതും ഒരു വ്യാധന്റെ അടുക്കൽ' എന്ന് സന്ന്യാസി വിചാരിച്ചു. എങ്കിലും താൻ കണ്ടിടത്തോളം കാര്യങ്ങൾ കൊണ്ട് അയാളുടെ ബുദ്ധിക്ക് അൽപം വെളിവുണ്ടായി. അതിനാൽ പോകാൻ തന്നെ തീർച്ചയാക്കി, നഗരത്തിനടുത്തെത്തി: ചന്ത കണ്ടുപിടിച്ചു. അവിടെ കുറെ ദൂരെ, ഒരു തടിയൻ വ്യാധൻ ഇരുന്ന് വലിയ കത്തികൾ കൊണ്ട് മാംസം മുറിക്കുന്നതു കണ്ടു. അയാൾ പലരോടും സംസാരിക്കുകയും വിലപേശുകയും ചെയ്യുന്നുണ്ട്. 'ഈശ്വരോ രക്ഷതു! ഇയാളോടാണോ ഞാൻ ഉപദേശം വാങ്ങേണ്ടത്? ഇയാൾ ഒരു രാക്ഷസന്റെ അവതാരമല്ലാതെ മറ്റൊന്നുമല്ല' എന്നിങ്ങനെ വിചാരിച്ച് അയാൾ വ്യാധനെ സമീപിച്ചു. അപ്പോൾ വ്യാധൻ അയാളെ നോക്കി, 'ഓ സ്വാമി, ആ അമ്മയാണല്ലേ, നിങ്ങളെ ഇങ്ങോട്ടയച്ചത്? എനിക്കൽപം ജോലി കൂടിയുള്ളതു തീരുന്നിടം വരെ അവിടെ ഇരുന്നാലും' എന്നു പറഞ്ഞു. ഇവിടെ എന്തു സംഭവിക്കാൻ പോകുന്നു എന്നായി യോഗിയുടെ വിചാരം. അയാൾ ഇരുന്നു. വ്യാധൻ ജോലി തുടർന്നു. അതു പൂർത്തിയായപ്പോൾ അയാൾ അന്നു കിട്ടിയ പണവും എടുത്ത്, 'സ്വാമി, ഇനി നമുക്കു വീട്ടിലേക്കു പോകാം' എന്നു പറഞ്ഞ് നടന്നു. വീട്ടിൽ ചെന്ന് യോഗിക്ക് ഇരിപ്പിടം കൊടുത്തിട്ട് അയാളോട് 'അൽപം കാക്കുക' എന്നു പറഞ്ഞ് തന്റെ വൃദ്ധരായ മാതാപിതാക്കളെ കുളിപ്പിച്ച് ഊണു കഴിപ്പിക്കുകയും അവരുടെ പ്രീതിക്കു വേണ്ടി കഴിവതു ശുശ്രൂഷിക്കുകയും ചെയ്ത ശേഷം അയാൾ സന്ന്യാസിയുടെ അരികത്തു മടങ്ങിവന്ന്, 'സ്വാമി, അങ്ങ് എന്നെ കാണാൻ വന്നിരിക്കയാണല്ലോ. ഞാനെന്താണ് അങ്ങക്കു വേണ്ടി ചെയ്യേണ്ടത്' എന്നു ചോദിച്ചു.


സന്ന്യാസി അയാളോട് ആത്മാവിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചില ചോദ്യങ്ങൾ ചോദിച്ചു. ഇതിനു മറുപടിയായി വ്യാധൻ ദീർഘമായ ഒരു പ്രഭാഷണം നടത്തി. (അതാണ് മഹാഭാരതത്തിലെ വ്യാധഗീത എന്നറിയപ്പെടുന്ന ഭാഗം. വേദാന്തത്തിലെ അത്യുച്ച തത്വജ്ഞാനം നിറഞ്ഞതാണ് ഈ ഗീത). വ്യാധന്റെ ഉപദേശം അവസാനിച്ചപ്പോൾ യോഗി അദ്ഭുതാധീനനായി. അദ്ദേഹം വ്യാധനോട്, 'അങ്ങ് എന്തിനാണ് ഈ ശരീരത്തിലിരിക്കുന്നത്? ഇത്ര വിശിഷ്ടമായ ജ്ഞാനവും വെച്ചുകൊണ്ട് ഒരു വ്യാധശരീരത്തിലിരുന്ന് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നതെന്തിന്' എന്നു ചോദിച്ചു. വ്യാധൻ പറഞ്ഞു; 'വത്സാ, ഒരു ജോലിയും നികൃഷ്ടമല്ല, ഒരു ജോലിയും മലിനമല്ല. എന്റെ ജനനം എന്നെ ഈ പരിതഃസ്ഥിതിയിലും ചുറ്റുപാടിലും ആക്കി. ബാല്യകാലത്ത് ഞാൻ ഈ തൊഴിൽ അഭ്യസിച്ചു. എനിക്കു കർമത്തിൽ ശക്തിയില്ല. കർത്തവ്യങ്ങൾ നന്നായി ചെയ്യാൻ ഞാൻ യത്നിക്കുന്നു. ഗൃഹസ്ഥന്റെ നിലയിലുള്ള കർത്തവ്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു: അച്ഛനമ്മമാരെ സന്തുഷ്ടരാക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നു. എനിക്ക് നിങ്ങളുടെ യോഗം അറിഞ്ഞുകൂടാ. ഞാൻ സന്ന്യാസി യായിട്ടില്ല: ലോകം ഉപേക്ഷിച്ചു കാട്ടിലേക്ക് പോയുമില്ല. എങ്കിലും നിങ്ങൾ ഇപ്പോൾ കണ്ടതും കേട്ടതും എന്റെ സ്ഥാനത്തിന് (വർണാശ്രമങ്ങൾക്ക്) ചേർന്ന കർത്തവ്യങ്ങളെ നിസ്സംഗനായി നിർവഹിച്ചതു മൂലം, എനിക്കു സ്വയം സിദ്ധമായി.'


മുൻപറഞ്ഞ കഥയിൽ വ്യാധനും സ്ത്രീയും അവരവരുടെ കർത്തവ്യങ്ങൾ സന്തോഷപൂർവം സർവാത്മനാ അനുഷ്ഠിച്ചു: തൽഫലമായി അവർക്ക് ജ്ഞാനോദയം ഉണ്ടായി.
ജീവിതത്തിലെ ഏതൊരു നിലയോടനുബന്ധിച്ചുമുള്ള കർത്തവ്യങ്ങൾ, ഫലാസക്തിയില്ലാതെ ശരിയായി നിർവഹിക്കുന്ന പക്ഷം, അതു നമ്മെ പരമമായ ആത്മസാക്ഷാത്കാരത്തിലേക്കു നയിക്കുമെന്നാണ് ഈ കഥ നമ്മോട് പറയുന്നത്. 
സാമൂഹ്യ ജീവിയെന്ന നിലയ്ക്ക് വ്യക്തിപരവും സാമൂഹികവും കുടുംബപരവും സാംസ്‌കാരികവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുവാൻ നാം സന്നദ്ധരാവുമ്പോൾ ജീവിതം തന്നെ കൂടുതൽ മനോഹരമാകുന്നതായാണ് നമുക്ക് അനുഭവപ്പെടുക. സൗന്ദര്യത്തെയല്ല ജീവിതം സുന്ദരമാക്കുന്നവരെയാണ് നാം സ്‌നേഹിക്കേണ്ടത്. മനോഹരമാകുന്ന ജീവിതമാണ് വിജയം സമ്മാനിക്കുക.

Latest News