കോട്ടയം- കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പൗരത്വനിയമം നടപ്പാക്കില്ലെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ചെയ്തവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിലും സർക്കാർ കേസെടുത്തു. അതും പിൻവലിക്കണം. പിണറായി സർക്കാർ ഇതിന് തയ്യാറായില്ലെങ്കിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേസുകൾ പിൻവലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പി.എസ്.സി റാങ്ക് ഹോൾഡേഴസുമായി ചർച്ചയ്ക്ക് തയ്യാറാകണം. നാട്ടിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങളെല്ലാം സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് മുഖ്യമന്ത്രിയായത് എന്ന നിലയിലാണ് പിണറായി പ്രവർത്തിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉൾക്കൊളളുന്ന ഫയലുകൾ കുന്നുകൂടി കിടക്കുമ്പോഴാണ് പാർട്ടിക്കാരേയും വേണ്ടപ്പെട്ടവരേയും കൂട്ടമായി സ്ഥിരപ്പെടുത്താനുളള ഫയലുകൾ വൻ വേഗത്തിൽ കുതിക്കുന്നത്. പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി കവാത്ത് മറന്നു. ഇംഗ്ലീഷിൽ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബി.പി.സി.എല്ലിന്റെ സ്വകാര്യവത്കരണത്തെ കുറിച്ച് മലയാളത്തിൽ പറഞ്ഞു. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനാണെന്നും ചെന്നിത്തല വ്യക്തമാക്കി.