Sorry, you need to enable JavaScript to visit this website.

ഗള്‍ഫില്‍നിന്ന് ആ പായസ വില്‍പന നാട്ടിലുമെത്തി; കാലുമ്മ ചവിട്ടല്ലേ.. വിഡിയോ കാണാം

പ്രവാസികളെ ചിരിപ്പിച്ചു ചിരിപ്പിച്ചു കുടിപ്പിച്ച ലുക്മാനിയ പായസം പുതിയ സെറ്റപ്പോടെ നാട്ടിലും. പ്രവാസി മലയാളികള്‍ക്ക് നര്‍മം കൂടി സമ്മാനിച്ചുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ലുകമാനിയ പായസം വില്‍പന നടത്തിയിരുന്നത്.
വില്‍പനക്കാരന്റെ സംസാരത്തിലും വില്‍പന രീതിയിലും ആകര്‍ഷിക്കപ്പെട്ട് നടന്‍ ജയസൂര്യ ലുകമാനിയ പായസ വില്‍പനയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു.
ഇക്ക പൊളിച്ചു.. ഉമ്മ എന്ന കുറിപ്പോടെ ജയസൂര്യ പങ്കുവെച്ച വിഡിയോ നൂറു കണക്കിനാളുകള്‍ ലൈക്കും ഷെയറും നല്‍കി സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കി.
വാങ്ങാനെത്തുന്നവരെ രസിപ്പിച്ചുകൊണ്ടാണ് അദ്ദേഹം രണ്ട് റിയാലിന് റിയാദിലെ മലയാളികളുടെ കേന്ദ്രമായ ബത്്ഹയില്‍ പായസം കൈമാറിയിരുന്നത്. ഇതു തന്നെയാണ് ഒഴിവുവേളയില്‍ പ്രവാസി കണ്ടെത്തിയ തൊഴില്‍ എന്നതിലുപരി ഈ പായസ വില്‍പനയെ വേറിട്ടതാക്കിയത്.

റിയാദിലെ ബത്ത യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടിയ എസ്.ഐ മാര്‍ക്കുള്ള ഇണ്ടര്‍നാഷണല്‍ പായസം, തിക്കും തിരക്കുമുണ്ടാക്കരുത്, ഒരു വട്ടച്ചെമ്പ് പായസത്തിന് രണ്ട് റിയാല്‍, ഒരു കൈക്കോട്ട് ഫ്രീയാണ് ചോദിച്ചു വാങ്ങുക, ആദര്‍ശ കേരളത്തിന്റെ വിപ്ലവ നായകന്‍ തയാറക്കുന്ന ലുക്മാനിയ പായസം,  ചെക്കിംഗ് വരുമ്പോള്‍ പറയണം ഓടാനാണ്, ജനകോടികളുടെ വിശ്വസനീയമായ പായസം, തോന്നുമ്പോ കിട്ടൂല കാണുമ്പോ വാങ്ങണം, ഇതിമ്മന്ന് കിട്ടീട്ട് വേണ്ട, മൂന്ന് ആനയുണ്ട് കറവുള്ളത്, നാട്ടുകാര് നന്നായിക്കോട്ടെ എന്നു വിചാരിച്ചിട്ടാ തുടങ്ങിയ തമാശ പറച്ചിലിലൂടെ പായസ വില്‍പന മുന്നേറിയപ്പോള്‍ ഒരാളുടെ ചോദ്യം പായസത്തില്‍ ഒട്ടകപ്പാല് ചേര്‍ത്തിട്ടുണ്ടോ എന്നായിരുന്നു. മറുപടി അധികം വൈകിയില്ല, രണ്ട് റിയാലിന് നിനക്ക് ഞാന്‍ പെണ്ണ് കെട്ടിച്ചു തരാം മുണ്ടാണ്ട് പോയ്‌ക്കോ.

തിരക്കൊന്നുമില്ലെങ്കിലും തിക്കും തിരക്കുണ്ടാക്കരുത്, കാലിമ്മ ചവിട്ടല്ലേ എന്നു പറയുന്നതാണ് പരസ്യത്തിലെ മറ്റൊരു ഹൈലൈറ്റ്. തമാശ ആസ്വദിച്ചും പ്രോത്സാഹിപ്പിച്ചുമാണ് ആളുകള്‍ പായസം വാങ്ങിയിരുന്നത്.
നാട്ടില്‍ ഇപ്പോള്‍ കേള്‍ക്കുന്ന അനൗണ്‍സ്‌മെന്റില്‍ വലിയ മാറ്റങ്ങളൊന്നുമില്ല.
അനവധി നിരവധി സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ട് ഇണ്ടര്‍നാഷണല്‍ പായസത്തിന്റെ വണ്ടിയാണ് കടന്നുവരുന്നതെന്ന് പറയുമ്പോള്‍ വണ്ടിയും സെറ്റപ്പും അത് ശരിവെക്കുന്നു. പ്രവാസ ലോകത്ത് ഓടാന്‍ പാകത്തില്‍ നടന്നു കൊണ്ടാണ് പായസം വിറ്റിരുന്നതെങ്കില്‍ നാട്ടില്‍ സുന്ദരിയായ സ്‌കൂട്ടിയിലാണ് വില്‍പന.
ഗള്‍ഫിലെ അനൗണ്‍സ്‌മെന്റില്‍നിന്ന് അല്‍പം വ്യത്യാസമുണ്ട്. പായസത്തിനു വിശാലമായ ചരിത്രമുണ്ട്, ഞാനങ്ങോട്ടൊന്നും കടക്കുന്നില്ല, എന്തു കൊണ്ടറിയാത്തതു കൊണ്ട്, ചുരുക്കിപ്പറയാം...  പള്ളികളില്‍ കേള്‍ക്കാറുള്ള  നീട്ടിയും വലിച്ചുമുള്ള പ്രസംഗത്തിന്റെ രൂപത്തിലാണ് മെഗഫോണിലൂടെ പറയുന്നത്.  

തിരക്കിനിടയില്‍ വലിച്ചു കുടിച്ച് വായ പൊള്ളിയാല്‍ കമ്പനി ഉത്തരവദിയല്ല. തോന്നുമ്പ കിട്ടൂല്ല മക്കളേ, കാണുമ്പോ വാങ്ങണം അങ്ങനെ പോകുന്ന അനൗണ്‍സ്‌മെന്റില്‍ തിക്കും തിരക്കുമുണ്ടക്കല്ല, കാലുമ്മ ചവിട്ടല്ലേ, കാലുമ്മ ചവിട്ടല്ലേ എന്ന് ഗള്‍ഫില്‍ കേട്ട അതേ വാക്കുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
വിഡിയോ കണ്ടുനോക്കൂ. തിരക്കുമില്ല ആരും കാലില്‍ ചവിട്ടുന്നുമില്ല..

ഗള്‍ഫിലെ പഴയ വിഡിയോ

 

Latest News