Sorry, you need to enable JavaScript to visit this website.

ഹജ് അപേക്ഷകർക്ക് ഉടൻ പാസ്‌പോർട്ട് നൽകാൻ  വിദേശകാര്യ വകുപ്പിന്റെ നിർദേശം


കൊണ്ടോട്ടി - ഹജ് അപേക്ഷകർക്ക് അടിയന്തരമായി പാസ്‌പോർട്ട് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ മുഴുവൻ പാസ്‌പോർട്ട് ഓഫീസ് കേന്ദ്രങ്ങൾക്കും വിദേശകാര്യ വകുപ്പ് നിർദേശം നൽകി. അടുത്ത മാസം ഏഴ് വരെയാണ് ഹജ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇവരിൽ 70 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് നേരിട്ട് അവസരം ലഭിക്കുമെന്നതിനാൽ അപേക്ഷയോടൊപ്പം തന്നെ പാസ്‌പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഹജ് ആവശ്യവുമായി എത്തുന്നവർക്ക് പാസ്‌പോർട്ട് കാലതാമസമില്ലാതെ നൽകണമെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ നിർദേശം.
പാസ്‌പോർട്ട് ഓഫീസുകളിൽ ഇതിനായി പ്രത്യേക കൗണ്ടർ ഒരുക്കി നോഡൽ ഓഫീസറെ നിയമിക്കണം. ഇവരുടെ പോലീസ് വെരിഫിക്കേഷനുകൾ പെട്ടെന്ന് പൂർത്തിയാക്കാൻ പോലീസ് ഉദ്യോഗസ്ഥരോട് നിർദേശിക്കണം. 
പാസ്‌പോർട്ടിന്റെ പേരിൽ തീർത്ഥാടനം നഷ്ടപ്പടുന്ന സാഹചര്യമുണ്ടാവരുതെന്നും നിർദേശത്തിലുണ്ട്. രാജ്യത്തെ മുഴുവൻ പാസ്‌പോർട്ട് കേന്ദ്രങ്ങൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഹജ് അപേക്ഷകന് പാസ്‌പോർട്ടുണ്ടായിരിക്കണമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. നേരിട്ട് അവസരം ലഭിക്കാത്ത അപേക്ഷകരായാലും അപേക്ഷയിൽ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തിയിരിക്കണം. 2019 ഫെബ്രുവരി 24 വരയെങ്കിലും കാലാവധിയുളള പാസ്‌പോർട്ട് തീർഥാടകനുണ്ടായിരിക്കണമെന്നാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ നിർദേശം. ഈ വർഷം ഹജ് അപേക്ഷ സ്വീകരണം കുറഞ്ഞ ദിവസങ്ങൾ മാത്രമാണുളളത്. ആയതിനാൽ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞവരും പാസ്‌പോർട്ട് ഇതുവരെ എടുക്കാത്തവരും കൂടുതലാണ്.

 

Latest News