കണ്ണൂർ - ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിലെ സുവർണ നിമിഷത്തിനു ഏഴിമല നാവിക അക്കാദമി സാക്ഷ്യം വഹിച്ചു.
സേനയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പൈലറ്റ് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങി. ഉത്തർപ്രദേശിലെ ബറേലി സ്വദേശിനി ശുഭാംഗി സ്വരൂപാണ് ഈ മിടുക്കി. ഈ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ സേനയുടെ തലവൻ അഡ്മിറൽ സുനൽ ലാംബയും സന്നിഹിതനായിരുന്നു. ഇതിനു പുറമെ, നേവൽ ആർമമെന്റ് ഇൻസ്‌പെക്ഷൻ (എൻ.എ.ഐ) വിഭാഗത്തിലും മൂന്നു വനിതകൾ പരിശീലനം പൂർത്തിയാക്കി. ഇതിൽ ഒരാൾ മലയാളിയാണ്.
നാവിക സേനാ കുടുംബത്തിൽ നിന്നുള്ള ശുഭാംഗി സ്വരൂപ് ബാല്യകാലത്തെ പഠനം നടത്തിയത് കേരളത്തിലാണ്. നാവിക സേനയിൽ കമാൻഡൻഡായിരുന്ന പിതാവ് ഗ്യാൻ സ്വരൂപ് കൊച്ചിയിൽ ജോലി ചെയ്തിരുന്നപ്പോഴാണ് ഇവിടെ പഠിച്ചത്. പിന്നീട് വെല്ലൂർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽനിന്ന് ബി.ടെക് കോഴ്‌സ് പൂർത്തിയാക്കിയ ശേഷമാണ് നേവിയിൽ പരിശീലനത്തിനെത്തിയത്. ആറു മാസത്തെ നാവൽ ഓറിയന്റേഷൻ കോഴ്‌സിനാണ് ഏഴിമല അക്കാദമിയിൽ എത്തിയത്. കൊച്ചിയിലെ സപ്‌ന ഗരുഡിലാണ് ആറു മാസ പൈലറ്റ് പരിശീലനം നേടിയത്. നാവിക സേനയിൽ ലെഫ്റ്റനന്റ് പദവി ലഭിച്ച ശുഭാംഗി, ദിണ്ടിഗലിലാണ് തുടർ പരിശീലനം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. നേവി സ്‌കൂളിൽ അധ്യാപികയായ കൽപന സ്വരൂപാണ് അമ്മ. വരുൺ സ്വരൂപ് സഹോദരനാണ്. നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ശുഭാംഗി പറഞ്ഞു. ഇത് വലിയ വെല്ലുവിളി നിറഞ്ഞ ജോലിയാണെന്നും തന്റെ കഴിവിന്റെ പരമാവധി രാജ്യത്തിനു വേണ്ടി സേവനം ചെയ്യുമെന്നും ശുഭാംഗി പറഞ്ഞു.
നാവിക സേനയിൽ പുതുതായി ആരംഭിച്ച നേവൽ ആർമമെന്റ് ഇൻസ്‌പെക്ഷൻ കോഴ്‌സിൽ പ്രവേശനം ലഭിച്ച് മൂന്നു വനിതകളും ഇന്നലെ പുറത്തിറങ്ങി. ശക്തിമായ എസ്, രൂപ.എ, ആസ്താ ഷേഗാൽ എന്നിവരാണിവർ. ഇതിൽ ശക്തിമായ തിരുവനന്തപുരം മരുതംകുഴി സ്വദേശിനിയാണ്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ ശശിധര കുറുപ്പിന്റെയും ശ്രീദേവിയുടെയും മകളാണ് ശക്തിമായ.
രൂപ പോണ്ടിച്ചേരി സ്വദേശിനിയും ആസ്താ ഷേഗാൽ ദൽഹി സ്വദേശിനിയുമാണ്. ആദ്യമായാണ് ഈ കോഴ്‌സിൽ വനിതകൾ ചേരുന്നത്. നാവിക സേനയുടെ പ്രതിരോധ വിഭാഗത്തിൽ ബുള്ളറ്റ് മുതൽ മിസൈൽ വരെ പരിശോധിക്കാനും ഇവ കൈകാര്യം ചെയ്യാനും പരിശീലനം സിദ്ധിച്ചവരാണ് ഈ വനിതകൾ. ആയുധങ്ങളുടെ ഗുണ പരിശോധന, സംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളിലാവും ഇവരുടെ സേവനം.