തിരുവനന്തപുരം- സോളാര്‍ തട്ടിപ്പില്‍ വിവിധ കോടതികളില്‍ നിന്നുളള അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും സരിതാ എസ്. നായരെ പിടികൂടാന്‍ പോലീസിനാവുന്നില്ല. ബിവറേജസ് കോര്‍പറേഷന്‍, കെ ടി ഡി സി എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലും സരിതയെ അറസ്റ്റ് ചെയ്തിട്ടില്ല. എട്ട് കോടതികളില്‍നിന്നായി സരിതയ്ക്ക് ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസുകളെല്ലാം. സരിത ഹാജരാകാത്തതിനാല്‍, ആലപ്പുഴ മജിസ്ട്രേറ്റ് കോടതി സരിതയുടെ ജാമ്യക്കാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ മൂന്ന് കേസുകളില്‍ ജാമ്യമില്ലാ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. ഒരു വര്‍ഷത്തിലേറെയായ വാറണ്ടില്‍ പോലും പോലീസ് നടപടിയെടുത്തിട്ടില്ല.
പോലീസിന്റെ കണ്ണില്‍ സരിത ഒളിവിലാണ്. അങ്ങനെയാണ് കോടതികളില്‍ അറിയിക്കുന്നത്. എന്നാല്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസില്‍ സി.ബി.ഐക്ക് അന്വേഷണം കൈമാറണമെന്നാവശ്യപ്പെട്ട് അവര്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.